മുത്തലാഖ് ബില്ല് ഇന്ന് വീണ്ടും രാജ്യസഭയിൽ; ലോക്സഭയില്‍ റഫാലും, രാഹുലും മോദിയും വീണ്ടും നേര്‍ക്കുനേര്‍

By Web TeamFirst Published Jan 2, 2019, 6:47 AM IST
Highlights

മുത്തലാഖ് ബില്ല് രാജ്യസഭ ഇന്ന് വീണ്ടും പരിഗണിക്കും. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ല. റഫാൽ ഇടപാടിനെക്കുറിച്ചുള്ള ചർച്ച ഇന്ന് ലോക്സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിട്ടുണ്ട്. 

ദില്ലി: മുത്തലാഖ് ബില്ല് രാജ്യസഭ ഇന്ന് വീണ്ടും പരിഗണിക്കും. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ല. അതിനിടെ റഫാൽ ഇടപാടിനെക്കുറിച്ചുള്ള ചർച്ച ഇന്ന് ലോക്സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇരു സഭയിലും ഭരണപ്രതിപക്ഷ ഏറ്റുമുട്ടൽ തുടരുമെന്ന് ഉറപ്പായി.

ലോക്സഭയിൽ ഈ ബില്ലിൽ ചർച്ച നടന്നു കഴിഞ്ഞു. ഇനി എന്തിനാണ് സെലക്ട് കമ്മിറ്റിക്കു പോകുന്നത് എന്നാണ് കേന്ദ്ര പാർലമെൻററികാര്യ സഹമന്ത്രി വിജയ് ഗോയലിന്‍റെ ചോദ്യം. രാജ്യസഭയില്‍ ആദ്യം അജണ്ടയിലുള്ളത് സെലക്ട് കമ്മിറ്റിക്കു വിടണം എന്ന പ്രമേയമാണ്. ഇതാകും ആദ്യം പരിഗണിക്കുക. ചട്ടം 125 പ്രകാരം ഇത് ആദ്യം വോട്ടിനിടണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ ആവശ്യപ്പെടുന്നു. 

മുത്തലാഖ് നിരോധന ഓർഡിനൻസിന് പകരമുള്ള ബില്ല് കൊണ്ടു വരാനുള്ള സർക്കാർ നീക്കം തിങ്കളാഴ്ച പ്രതിപക്ഷം പാർലമെന്‍റിൽ ചെറുത്തിരുന്നു. ബില്ല് വോട്ടിനിടും മുമ്പ് സെലക്ട് കമ്മിറ്റിക്കു വിടാനുള്ള പ്രമേയത്തിൽ തീരുമാനം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. അതേസമയം സർക്കാരിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഇന്നും ബില്ലിന്‍റെ ചർച്ച നടക്കാനിടയില്ല.

ബില്ല് വോട്ടിനിട്ട് പരാജയപ്പെട്ടാൽ ഉത്തരവാദിത്വം കോൺഗ്രസിനാണെന്ന പ്രചരണം നടത്താം എന്നാണ് സർക്കാർ കരുതുന്നത്. ഇത് മനസ്സിലാക്കിയാണ് ബില്ലിന്മേലുള്ള വോട്ടെടുപ്പിന് പകരം സെലക്ട് കമ്മിറ്റി പ്രമേയത്തിനു മേലുള്ള വോട്ടെടുപ്പ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 

ലോക്സഭയിൽ കോൺഗ്രസ് എംപി കെസി വേണുഗോപാൽ, സിപിഎം എംപി ശങ്കർപ്രസാദ് ദത്ത എന്നിവർ നല്‍കിയ നോട്ടീസ് അംഗീകരിച്ചാണ് റഫാൽ ഇടപാടിനെക്കുറിച്ചുള്ള ചർച്ച. അവിശ്വാസപ്രമേയ ചർച്ചയിൽ മുമ്പ് ഈ വിഷയത്തിൽ പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഏറ്റുമുട്ടിയെങ്കിലും റഫാലിനെക്കുറിച്ചുള്ള ചർച്ച ഇതാദ്യമായാണ്. രാഹുൽ ഗാന്ധി ചർച്ചയിൽ സംസാരിക്കും. പ്രധാനമന്ത്രി അഗസ്റ്റ വെസ്റ്റ്‍ലൻഡ് കേസിൽ ക്രിസ്ത്യൻ മിഷെലിന്‍റെ പരാമർശങ്ങൾ ആയുധമാക്കാനാണ് സാധ്യത.

click me!