‘നോട്ട് നിരോധനം ‘ഷോക്ക്’ ആയിരുന്നില്ല; ഒരു വർഷം മുൻപ് ജനങ്ങൾക്ക് താക്കീത് നൽകിയിരുന്നു’: വെളിപ്പെടുത്തലുമായി മോദി

By Web TeamFirst Published Jan 1, 2019, 11:23 PM IST
Highlights

നോട്ട് നിരോധനത്തിന് ഒരു വർഷം മുമ്പ് തന്നെ സർക്കാർ ജനങ്ങൾക്ക് താക്കീത് നൽകിയിരുന്നു. നിങ്ങളുടെ കൈവശം കള്ളപ്പണം ഉണ്ടെങ്കിൽ നിങ്ങൾക്കത് നിക്ഷേപിക്കുകയോ അതിനു മുകളിൽ പിഴ അടക്കുകയോ ചെയ്യാം. അതുവഴി നിങ്ങൾക്ക് ശിക്ഷയിൽ നിന്ന് രക്ഷപെടുകയും ചെയ്യാമെന്ന് സർക്കാർ ജനങ്ങളോട് പറഞ്ഞിരുന്നതായി മോദി പറയുന്നു.

ദില്ലി: നോട്ട് നിരോധനം ഒരു ‘ജഡ്ക'(ഷോക്ക്) ആയിരുന്നില്ലെന്നും കള്ളപ്പണം സൂക്ഷിക്കുന്നവർക്ക് നേരത്തെ തന്നെ സർക്കാർ താക്കീത് നൽകിയിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാർത്താ ഏജൻസിയായ എ എൻ ഐക്ക് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
നോട്ട് നിരോധനത്തിന് ഒരു വർഷം മുമ്പ് തന്നെ സർക്കാർ ജനങ്ങൾക്ക് താക്കീത് നൽകിയിരുന്നു. നിങ്ങളുടെ കൈവശം കള്ളപ്പണം ഉണ്ടെങ്കിൽ  നിങ്ങൾക്കത് നിക്ഷേപിക്കുകയോ അതിനു മുകളിൽ പിഴ അടക്കുകയോ ചെയ്യാം. അതുവഴി നിങ്ങൾക്ക് ശിക്ഷയിൽ നിന്ന് രക്ഷപെടുകയും ചെയ്യാമെന്ന് സർക്കാർ ജനങ്ങളോട് പറഞ്ഞിരുന്നതായി മോദി പറയുന്നു. എന്നാൽ അവർ വിചാരിച്ചത് മോദി മറ്റുള്ളവരെ പോലെത്തന്നെ ആയിരിക്കുമെന്നാണ്. അതിനാൽ അവർ ഒന്നും ചെയ്തില്ല- പ്രധാനമന്ത്രി മോദി പറഞ്ഞു.
 
നോട്ട് നിരോധനം ഒരു രാത്രികൊണ്ട് തീരുമാനിച്ചതല്ല. ഒരു വർഷം സമയം എടുത്താണ് നോട്ട് നിരോധനം രാജ്യത്ത് നടപ്പിലാക്കിയത്. രാജ്യത്തെ സാമ്പത്തിക ഭദ്രതയ്ക്ക് നോട്ട് നിരോധനം അത്യാവശ്യമായിരുന്നു. ഒരു ട്രെയിൽ ട്രാക്ക് മാറി അടുത്ത ട്രാക്കിലെത്തുമ്പോൾ വേഗത കുറയ്ക്കുന്നതുപോലെ പതുക്കെ അത് നടപ്പിൽ വരുമെന്നും മോദി കൂട്ടിച്ചേർത്തു. നോട്ട് നിരോധനത്തിനു ശേഷം കുറെയാളുകൾ പിഴ അടച്ചിരുന്നതായും മോദി പറഞ്ഞു. 
 
2016 നവംബർ എട്ട് അർധരാത്രിയാണ് അപ്രതീക്ഷിതമായി 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരോധിക്കുന്നത്. നോട്ട് നിരോധനം മൂലം രാജ്യത്തെ 80 ശതമാനം നോട്ടുകളും ഉപയോഗശൂന്യമായി തീർന്നു. കള്ളപ്പണം നിർത്തലാക്കാനും ബാങ്കിങ് മേഖലയിലേക്ക് നഷ്ട്ടപെട്ട പണം തിരിച്ച് കൊണ്ടുവരാനുമാണ് എന്ന് അവകാശപ്പെട്ടായിരുന്നു കേന്ദ്ര സർക്കാരിന്റെ ഈ നീക്കം.

click me!