നരേന്ദ്ര ധബോൽക്കർ വധം: മൂന്ന് പ്രതികൾക്ക് ജാമ്യം

By Web TeamFirst Published Dec 14, 2018, 9:50 PM IST
Highlights

പ്രതികളായ അമോൽ കാലെ, രാജേഷ് ബൻഗരാ, അമിത് ദേഗ് വേക്കർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. സിബിഐ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് പൂനെ സെക്ഷൻസ് കോടതി ജ്യാമം അനുവദിച്ചത്.

പൂനെ: നരേന്ദ്ര ധബോൽക്കർ വധക്കേസിലെ മൂന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചു. പ്രതികളായ അമോൽ കാലെ, രാജേഷ് ബൻഗര, അമിത് ദേഗ് വേക്കർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. സിബിഐ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് പൂനെ സെക്ഷൻസ് കോടതി ജ്യാമം അനുവദിച്ചത്.

മനുഷ്യാവകാശ പ്രവര്‍ത്തകനും യുക്തിവാദിയുമായ നരേന്ദ്ര ധബോല്‍ക്കര്‍ 2013 ഓഗസ്ത് 23 നാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ധബോല്‍കറെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സനാതന സന്‍സ്ത അംഗവും ഇഎന്‍ടി സര്‍ജനുമായ ഡോ. വീരേന്ദ്ര താവ്‌ഡേയെ 2016 ജൂണില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. താവ്‌ഡെയുടെ നിര്‍ദ്ദേശപ്രകാരം സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരായ ശരദ് കലാസ്‌കര്‍, സച്ചിന്‍ അന്ധുരെ എന്നിവരാണ് ധബോല്‍ക്കറെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് ശേഷം വെടിയുതിര്‍ത്ത നാടന്‍ തോക്കുകളുടെ ഭാഗങ്ങള്‍ മൂന്ന് പാലങ്ങളില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

സനാതന്‍ സന്‍സ്തയുടെയും ഹിന്ദു ജനജാഗ്രിതി സമിതിയുടെയും പ്രവര്‍ത്തകരായ അമോല്‍ കാലെ, അമിത് ദേഗ് വേക്കർ, രാജേഷ് ബന്‍ഗര എന്നിവരാണ് സിബിഐയുടെ പിടിയിലായ മറ്റ് പ്രതികള്‍. ഇവരില്‍ രാജേഷ് ബന്‍ഗരാ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തിലും പ്രതിയാണ്. കാലെ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും രാജേഷ് ബന്‍ഗരയാണ് അന്ധുരെയ്ക്കും കലാസ്‌കര്‍ക്കും വെടിവയ്ക്കാന്‍ പരിശീലനം നല്‍കിയതെന്നും സിബിഐ കണ്ടെത്തിയിരുന്നു.

click me!