രണ്ടാം ദിനവും പണിമുടക്ക് ഹര്‍ത്താലായി; വ്യാപക ട്രെയിന്‍ തടയല്‍, അക്രമവും, പെരുവഴിയിലായി ജനം

By Web TeamFirst Published Jan 9, 2019, 5:21 PM IST
Highlights

ദേശീയ പണിമുടക്കിൽ രണ്ടാം ദിനവും കേരളത്തിൽ ജനം പെരുവഴിയിലായി. ദേശീയ പണിമുടക്ക് ഇന്നും ഹര്‍ത്താലായി മാറി. ഇന്നും വ്യാപക ട്രെയിൻ തടയലുണ്ടായി.

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍  ദേശീയ പണിമുടക്കില്‍  രണ്ടാം ദിനവും കേരളം സ്തംഭിച്ചു. പണിമുടക്ക് ഇന്നും ഹര്‍ത്താലായി മാറിയതോടെ  ജനങ്ങള്‍ പെരുവഴിയിലായി. സമരാനുകൂലികള്‍ ഇന്നും പലയിടത്തും വ്യാപകമായി ട്രെയിൻ തടഞ്ഞു. കെഎസ്ആര്‍ടിസി സർവീസ് ഇന്നും നടത്തിയില്ല. അതേസമയം, പലയിടത്തും  പൊലീസ് സംരക്ഷണയിൽ വ്യാപാരികൾ കടകൾ തുറന്നു. 

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലെ എസ്ബിഐ ട്രഷറി ബ്രാഞ്ച് സമരക്കാര്‍  തല്ലിതകർത്തു. ചരക്ക് സേവന നികുതി വകുപ്പിലെ എൻജിഒ യൂണിയൻ നേതാക്കളായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പുലര്‍ച്ചെ അഞ്ചുമണിയോടെ തന്നെ സംസ്ഥാനത്ത് ട്രെയിന്‍ ഉപരോധം തുടങ്ങി. തിരുവനന്തപുരം ഷൊര്‍ണ്ണൂര്‍ വൈണാട് എക്സസപ്രസ്സ് 40 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.

ഏഴേകാലിന് ഹൈദരാബാദിലേക്കുള്ള ശബരി എക്സപ്രസ്സും തിരുവനന്തപുരം സ്റ്റേഷനില്‍ തടഞ്ഞു. മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് ശബരി എക്സപ്രസ്സ് തിരുവനന്തപുരം വീട്ടത്. ചങ്ങനാശേരിയിൽ തിരുവനന്തപുരം ഷൊർണൂർ എക്സ്പ്രസ്പ്രസും കായംകുളത്ത് കൊച്ചുവേളി - അമൃത്സർ എക്സ്പ്രസും സമരക്കാര്‍ ഉപരോധിച്ചു. ചെന്നൈ - മംഗലാപുരം മെയിൽ അര മണിക്കൂറിലധികം കണ്ണൂരിൽ തടഞ്ഞിട്ടു. എറണാകുളം ജില്ലയിൽ രണ്ടിടങ്ങളിലാണ് സമരക്കാർ ട്രെയിൻ തടഞ്ഞത്.

രാവിലെ എട്ടിന് കളമശ്ശേരിയിൽ കോട്ടയം നിലമ്പൂർ പസഞ്ചറും, 9.30 നു നോർത്ത് റെയിൽവേ സ്റ്റേഷനിൽ പാലരുവി എക്സ്പ്രസും തടഞ്ഞു. ആലുവയിൽ ട്രെയിൻ തടയുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്റ്റേഷനിലേക്ക് മാര്ച്ച് നടത്തി പ്രവർത്തകർ പിരിഞ്ഞു പോയി. പാലക്കാട്ട് കോയമ്പത്തൂര്‍ മംഗലാപുരം പാസഞ്ചറും ,ഷൊര്‍ണ്ണൂര്‍ ജംഗ്ഷനില്‍ അഹല്യനഗര്‍ എക്സ്പ്രസും ഒരു ണിക്കൂറോളം തടഞ്ഞിട്ടു.അറ്റകുറ്റപ്പണിയുടെ പേരില്‍ ട്രയിനുനുകളുടേ വൈകിയോട്ടം പതിവായ കേരളത്തില്‍ ഉപരോധം കൂടിയായതോടെ യാത്രക്കാര്‍ വലഞ്ഞു.

കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഇന്നും സംസ്ഥാനത്ത് മുടങ്ങി. വിവിധ ഡിപ്പോകളില്‍ നിന്ന് പമ്പയിലേക്കുള്ള സര്‍വ്വീസുകള്‍ മാത്രമാണ് നടത്തിയത്. ചുരുക്കം ഓട്ടോറിക്ഷകളും ടാക്സികളും മാത്രമാണ് നിരത്തിലിറങ്ങിയത്. ബാങ്ക്, ഇന്‍ഷുറന്‍സ് മേഖല ഇന്നും സ്തംഭിച്ചു. ഭരണ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പണിമുടക്കിലായതോടെ സ്കൂളുകളുടെ പ്രവര്‍ത്തനം ഇന്നും തടസ്സപ്പെട്ടു.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും മുടങ്ങി. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലെ 4860 ജീവനക്കാരില്‍ ഭൂരിഭാഘം പേരും ജോലിക്കെത്തിയില്ല.

കോഴിക്കോട് മിഠായി തെരുവിലും വലിയങ്ങാടിയിലും പകുതിയിലേറെ കടകൾ തുറന്നു. കൊച്ചി ബ്രോഡ്വേയിലും തൃശൂർ നഗരത്തിലും തിരുവല്ലയിലും ആലപ്പുഴയിലും കടകൾ തുറന്നു. ഇന്നലെ വ്യാപാരികൾക്ക് നേരെ കയ്യേറ്റമുണ്ടായ കായംകുളത്തും രാവിലെ തന്നെ കടകൾ തുറന്നു. എന്നാല്‍ തിരുവനന്തപുരം ചാല കമ്പോളത്തിൽ കടകൾ തുറന്നില്ല. കണ്ണൂരില്‍ രാവിലെ തുറന്ന കടകൾ കച്ചവടം കുറവായതിനാൽ വ്യാപാരികൾ അടച്ചു. 

അതേസമയം ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസവും വടക്കേ ഇന്ത്യയിൽ സമ്മിശ്ര പ്രതികരണമാണ്. സമരസമിതിയുടെ നേതൃത്വത്തിൽ പാർലമെന്‍റിലേക്ക് മാർച്ച് നടത്തി. ബംഗാളിലും ഛത്തീസ്ഗഡിലും ഒഡീഷയിലും പണിമുടക്കിനിടെ അക്രമങ്ങളുണ്ടായി. രാവിലെ പതിന്നൊന്നരയോടെ മണ്ഡി ഹൗസിൽ നിന്നാരംഭിച്ച മാർച്ച് പാർലമെന്‍റ് സ്ട്രീറ്റിൽ പൊലീസ് തടഞ്ഞു. അടിസ്ഥാന ശമ്പള വർധനവുൾപ്പെടെയുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായിയിലെങ്കിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

click me!