
ദിസ്പുര്‍: അസമിലെ നാൽപ്പത് ലക്ഷം പേര്‍ ഇന്ത്യൻ പൗരൻമാരല്ലെന്ന് ദേശീയ പൗരത്വ രജിസ്റ്റര്‍. ഇന്ത്യൻ പൗരൻമാരെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ഇവരുടെ പക്കലില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്‍റെ നിലപാട്. ആരെയും നാടുകടത്തില്ലെന്നും നിയമനടപടി ഉണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സംഘർഷ സാധ്യതയുള്ളതിനാൽ അസമിൽ ഏഴ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗ്ളാദേശിൽ നിന്ന് കുടിയേറിയവരെ കണ്ടെത്താനാണ് അസമിൽ പൗരത്വപട്ടിക കേന്ദ്രം പുതുക്കിയത്. പട്ടികയിൽ ഉൾപ്പെടുത്താൻ അപേക്ഷ നല്കിയത് മൂന്നു കോടി 29 ലക്ഷം പേർ. അന്തിമ കരട് പട്ടികയിൽ ഇടം നേടിയത് 2.89 കോടി പേർ. 40 ലക്ഷം അപേക്ഷകർക്ക് ഇന്ത്യൻ പൗരൻമാരെന്ന് തെളിയിക്കാൻ രേഖയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത് . ഇവർക്ക് അടുത്തമാസം മുപ്പത് വരെ വീണ്ടും അപേക്ഷ നൽകാം. ഈ പരാതികളിൽ തീരുമാനം ആകും വരെ ആർക്കെതിരെയും നടപടിയില്ല.
പട്ടികയിൽ നിന്ന് പുറത്തായ പലർക്കും റേഷൻ കാർഡുണ്ട്. ചിലർ വോട്ടർ പട്ടികയിലും ഇടം കണ്ടെത്തി. എന്നാൽ പൗരത്വം തെളിയിക്കാനുള്ള ആധികാരിക രേഖയായി ഇവ സ്വീകരിച്ചില്ല. ചരിത്രദിനമെന്നാണ് അസം മുഖ്യമന്ത്രി സര്‍ബാനനന്ദ സോനോവാളിന്‍റെ പ്രതികരണം . അതേ സമയം ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യമാണ് നീക്കത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam