
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി ഇന്ന് നിരാഹാരസമരം തുടങ്ങും. സാമൂഹ്യപ്രവർത്തക പി ഗീതയും ഇന്ന് നിരാഹാരം തുടങ്ങും. ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. അറസ്റ്റ് സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തിൽ രാവിലെ 11 മുതൽ കന്യാസ്ത്രീയുടെ സഹോദരി സമരപ്പന്തലിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങും.
ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് പി ഗീതയും നിരാഹാരം അനുഷ്ടിക്കുന്നുണ്ട്. ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകുംവരെ നിരാഹാരം തുടരാണ് തീരുമാനം. നിലവിൽ ജോയിന്റെ ക്രിസ്ത്യൻ കൗൺസിൽ അംഗങ്ങളായ സ്റ്റീഫൻ മാത്യു, അലോഷ്യ ജോസഫ് എന്നിവർ നിരാഹാരത്തിലാണ്, നാളെയും മറ്റന്നാളുമായി കൂടുതൽ സ്ത്രീകളും നിരാഹാരസമരത്തിലേക്ക് കടക്കും.
സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് എംഎൻ കാരശേരിയുടെ നേതൃത്വത്തിൽ ഇന്ന് കുത്തിയിരിപ്പ് സമരവും വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമങ്ങളും ഉണ്ടാകും. കുറവിലങ്ങാട് ബഹുജന കൺവൻഷൻ സംഘടിപ്പിക്കുമെന്നും സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ അറിയിച്ചിട്ടുണ്ട്.
അതേസമയം പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ സമീപിക്കുമെന്നാണ് വിവരം. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും മുൻപ് ജാമ്യാപേക്ഷ നൽകാനാണ് നീക്കം. കൊച്ചിയിലെ ചില അഭിഭാഷകർ ജാമ്യ ഹർജി തയ്യാറാക്കിയിട്ടുണ്ടെങ്കിലും ബിഷപ്പിന്റെ സമ്മതത്തിനായി കാക്കുകയാണ്. ബുധനാഴ്ച ആണ് അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹാജരാകേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam