പ്രസിഡന്‍റിന്‍റെ അംഗരക്ഷകരാകാന്‍ മൂന്ന് ജാതിയില്‍പ്പെട്ടവര്‍ക്കേ അനുമതിയുള്ളോ? കേന്ദ്രത്തോട് മറുപടി തേടി കോടതി

By Web TeamFirst Published Dec 26, 2018, 4:33 PM IST
Highlights

 ജാതി, മതം, ലിംഗം, നിറം, ജനനസ്ഥലം എന്നിവ കാരണം വിവേചനം പാടില്ലെന്നുള്ള ഇന്ത്യന്‍ നിയമം തെറ്റിച്ചാണ് റിക്രൂട്ട്മെന്‍റ് നടന്നതെന്നും ഹര്‍ജിയില്‍ പറയുന്നു

ദില്ലി: പ്രസിഡന്‍റിന്‍റെ അംഗരക്ഷകരാകാന്‍ മൂന്ന് ജാതി വിഭാഗങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്ന് ആരോപിച്ച് വന്ന ഹര്‍ജിയില്‍ ദില്ലി ഹെെക്കോടതി കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം തേടി. മൂന്ന് ജാതി വിഭാഗങ്ങളെ മാത്രമെ പ്രഥമ പൗരന്‍റെ അംഗരക്ഷകരെ തെരഞ്ഞെടുക്കാനുള്ള റിക്രൂട്ട്മെന്‍റില്‍ പരിഗണിച്ചുള്ളുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എസ് മുരളീധര്‍, സഞ്ജീവ് നാരുള്ള എന്നിവര്‍ കേന്ദ്ര പ്രതിരോധ വകുപ്പ്, ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്, പ്രസിഡന്‍റിന്‍റെ ബോഡിഗാര്‍ഡ് കമാന്‍റന്‍റ്, ആര്‍മി റിക്രൂട്ട്മെന്‍റ് ഡയറക്ടര്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഹരിയാന സ്വദേശിയായ ഗൗരവ് യാദവ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രസിഡന്‍റിന്‍റെ അംഗരക്ഷകരെ തെരഞ്ഞെടുക്കാനുള്ള റിക്രൂട്ട്മെന്‍റ് നടത്തിയപ്പോള്‍  ജാട്ട്, രജപുത്, ജാട്ട് സിഖ് എന്നീ വിഭാഗങ്ങളില്‍ പെടുന്നവരെ മാത്രമാണ് ക്ഷണിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

റിക്രൂട്ട്മെന്‍റിനുള്ള മറ്റ് യോഗ്യതകളെല്ലാം തനിക്കുണ്ടായിരുന്നെന്നും എന്നാല്‍, അഹിര്‍/യാദവ് വിഭാഗമായതിനാല്‍ തന്നെ പരിഗണിച്ചില്ലെന്നുമാണ് ഗൗരവിന്‍റെ വാദം.

ജാതി, മതം, ലിംഗം, നിറം, ജനനസ്ഥലം എന്നിവ കാരണം വിവേചനം പാടില്ലെന്നുള്ള ഇന്ത്യന്‍ നിയമം തെറ്റിച്ചാണ് റിക്രൂട്ട്മെന്‍റ് നടന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ, സുപ്രീംകോടതിയും ദില്ലി ഹെെക്കോടതിയും ഇതേ വിഷയത്തിലുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളിയിരന്നു.

click me!