താറാവിന് മറ്റൊരു ഉപയോഗം കൂടി; പുതിയ കണ്ടുപിടുത്തവുമായി ത്രിപുര മുഖ്യമന്ത്രി

By Web TeamFirst Published Aug 28, 2018, 7:32 PM IST
Highlights

താറാവുകള്‍ ജലാശയങ്ങളില്‍ നീന്തുന്നത് വെള്ളത്തിലെ ഓക്സിജന്‍റെ അളവ് സ്വയം ഉയര്‍ത്തുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്

അഗര്‍ത്തല: ത്രിപുരയുടെ ഗ്രാമീണ സന്പദ്‍വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ സംസ്ഥാനത്തുടനീളം താറാവുകളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. സന്പദ്‍വ്യവസ്ഥയുടെ ഉന്നമനം മാത്രമല്ല താറാവുകള്‍ കൊണ്ടുള്ള ഉപയോഗം. താറാവുകള്‍ വെള്ളം ശുദ്ധീകരിക്കുമെന്നും അവ നീന്തുന്നത് വെള്ളത്തിലെ ഓക്സിജന്‍റെ അളവ് കൂട്ടുമെന്നും ബിപ്ലവ് പറഞ്ഞു. താറാവുകള്‍ ജലാശയങ്ങളില്‍ നീന്തുന്നത് വെള്ളത്തിലെ ഓക്സിജന്‍റെ അളവ് സ്വയം ഉയര്‍ത്തും. ഇത് ജലം ശുദ്ധീകരിക്കും. ഇതിലൂടെ ജലാശയത്തിലെ മീനുകള്‍ക്ക് കൂടുതല്‍ ഓക്സിജന്‍ ലഭിക്കും. അങ്ങനെ ജൈവീകമായി മത്സ്യകൃഷിയും അഭിവൃദ്ധിപ്പെടുമെന്നും ബിപ്ലവ് വ്യക്തമാക്കി. 

രുദ്രാസാഗറിലെ നീര്‍മഹലില്‍ നിര്‍മ്മിച്ച കൃത്രിമ തടാകത്തില്‍ നടന്ന പരന്പരാഗത വള്ളം കളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തടാകത്തിന് സമീപത്ത് താമസിക്കുന്ന കര്‍ഷകര്‍ക്ക് 50000 താറാവുകളെ വിതരണം ചെയ്യും. പ്രധാനമായും ജലാശയങ്ങള്‍ക്ക് സമീപത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്ള ഗ്രാമങ്ങളിലാണ് താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യുക. ഇത് പ്രകൃതി ഭംഗി കൂട്ടുകയും ഗ്രാമീണ സന്പദ്‍വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രിയുടെ വാക്കുകള്‍ അടിസ്ഥാന രഹിതമാണെന്നും അതിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും 'ത്രിപുര ജുക്തിബാദ് വികാസ് മഞ്ച'യില്‍ പ്രവര്‍ത്തിക്കുന്ന മിഹിര്‍ ലാല്‍ റോയ് പറഞ്ഞു. ശാസ്ത്രീയ ചിന്തകളുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘമാണ് ത്രിപുര ജുക്തിബാദ് വികാസ് മഞ്ച. ഇടകലര്‍ത്തി മൃഗങ്ങളെ വളര്‍ത്തുന്നത് ഉത്പാദനം വര്‍ദ്ധിപ്പിക്കും. എന്നാല്‍  താറാവ് ഓക്സിജന്‍ വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്ന സിദ്ധാന്തം അടിസ്ഥാനരഹിതമാണെന്നും മിഹിര്‍ വ്യക്തമാക്കി. 

മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ശാസ്ത്രീയമായ അറിവുകളാണ്. ജലാശയങ്ങളില്‍ ചലനമുണ്ടാകുന്നത് അവിടെ വായുസഞ്ചാരമുണ്ടാകാന്‍ കാരണമാകും. എന്നാല്‍ താറാവുകള്‍ നീന്തുന്നതു വഴി  ഓക്സിജന്‍ ഉണ്ടാകുകയോ ജലം ശുദ്ധീകരിക്കുകയോ ചെയ്യുമെന്നത് ശാസ്ത്രീയമല്ലെന്നും മിഹിര്‍ ലാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അശാസ്ത്രീയമായ പ്രസ്താവനയ്‌ക്കെതിരെ ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി രംഗത്തെത്തി. ജനങ്ങളുടെ ജീവിതോപാദിയുമായി ബന്ധപ്പെട്ട് പ്രസ്താവനകള്‍ നടത്തുന്പോള്‍ ശാസ്ത്രീയമായി ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരാവാദിത്വമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 

മഹാഭാരത കാലത്തും ഇന്‍റര്‍നെറ്റും സാറ്റ്‍ലൈറ്റും ഉണ്ടായിരുന്നുവെന്ന് നേരത്തേ ബിപ്ലവ് പറഞ്ഞിരുന്നു. സിവിൽ എൻജിനീയറിങ് പഠിച്ചവർക്ക് സിവിൽ സർവ്വീസ് മേഖല തെര‌ഞ്ഞെടുക്കാമെന്നും മെക്കാനിക്ക് എൻജിനീയറിങ് പഠിച്ചവർ സിവിൽ സർവ്വീസിന് അനുയോജ്യരല്ലെന്നുമുള്ള ബിപ്ലവിന്‍റെ വാക്കുകള്‍ ട്രോളുകള്‍ക്ക് കാരണമായിരുന്നു. 
 

click me!