ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനം വേണമെന്ന രാഹുൽഗാന്ധിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി. ചരിത്രപരമായ വിധിയെന്ന് ശബരിമലയിലെ സുപ്രീംകോടതി വിധിയെ വിശേഷിപ്പിച്ച എഐസിസി നിലപാട് കേരള നേതൃത്വത്തിനില്ലാത്തത് നിർഭാഗ്യകരമെന്നും പിണറായി.
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനം അനുവദിയ്ക്കണമെന്നതാണ് തന്‍റെ വ്യക്തിപരമായ നിലപാടെന്ന് പറഞ്ഞ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭിപ്രായം സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഐസിസിയുടെയും രാഹുൽ ഗാന്ധിയുടെയും നിലപാട് കോൺഗ്രസിന്‍റെ കേരള നേതൃത്വത്തിനില്ലാത്തത് നിർഭാഗ്യകരമാണെന്നും പിണറായി പറഞ്ഞു. രാഹുലിന്‍റെ നിലപാട് കെപിസിസി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയിരുന്നു. രാഹുൽ പറഞ്ഞത് വ്യക്തിപരമാണെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്. (വാർത്ത ഇവിടെ)
''ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് താന്‍ അനുകൂലമാണെന്ന രാഹുല്‍ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹമാണ്.
ചരിത്രപരമായ വിധി എന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രേഖപ്പെടുത്തിയ അഭിപ്രായം തന്നെയാണ് രാഹുല്‍ഗാന്ധിക്കെന്ന് ഇതിലൂടെ ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് വക്താവായ ആനന്ദ് ശര്‍മയും രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തുവന്നു എന്നതും ശ്രദ്ധേയമാണ്.
അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും പ്രസിഡന്‍റിന്‍റെയും അഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസിന് ഇല്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. അഖിലേന്ത്യാ നയത്തില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനം അവര്‍ എത്തിനില്‍ക്കുന്ന ജനാധിപത്യവിരുദ്ധമായ സമീപനത്തിന്‍റെ ദൃഷ്ടാന്തം കൂടിയാണ്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ മൂല്യങ്ങളെ ഉള്‍ക്കൊണ്ട് രൂപീകരിക്കപ്പെട്ടതാണ് ഇന്ത്യന്‍ ഭരണഘടന. അത്തരം മൂല്യങ്ങളില്‍നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് അകന്നുപോയിരിക്കുന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണ് ഇത്. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഒരു വിഭാഗം യാഥാസ്ഥിതിക നിലപാട് സ്വീകരിച്ചുവരികയാണ്. ആ നിലപാട് ബിജെപിയെ സഹായിക്കാന്‍ മാത്രമേ ഇടയാക്കൂ.
കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടും ശക്തിപ്പെടുത്തിയും മുന്നോട്ടുപോയ പാരമ്പര്യമാണ് ആദ്യ കാലഘട്ടങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിച്ചുവന്നിരുന്നത്. വൈക്കം സത്യാഗ്രഹം പോലുള്ളവ ഇതിന്‍റെ സാക്ഷ്യപത്രമായി ചരിത്രത്തില്‍ നിലനില്‍ക്കുന്നുണ്ട്. ആ പാരമ്പര്യങ്ങളെ ആകെ നിഷേധിച്ചുകൊണ്ട് സംഘപരിവാര്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളുമായി സമരസപ്പെടുന്ന അപകടകരമായ നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ സമീപനത്തില്‍ പ്രതിഫലിക്കുന്നത്.
നിരവധി കാലത്തെ പോരാട്ടങ്ങളിലൂടെ നാം വളര്‍ത്തിയെടുത്ത നവോത്ഥാനപരവും മതനിരപേക്ഷവുമായ പാരമ്പര്യങ്ങളെ തള്ളിക്കളയുക മാത്രമല്ല, രാഹുല്‍ ഗാന്ധിയടക്കമുള്ള അഖിലേന്ത്യാ നേതൃത്വത്തിന്‍റെ അഭിപ്രായങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗം സ്വീകരിക്കുന്നത്. ഇതുസംബന്ധിച്ച് രാജ്യത്തെ ഭരണഘടനയെയും നീതിന്യായവ്യവസ്ഥയെയും അംഗീകരിക്കുന്ന കോണ്‍ഗ്രസുകാരുടെ നിലപാട് എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യവുമുണ്ട്.''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam