കള്ളൻ കാവൽക്കാരനെ കുറ്റപ്പെടുത്തുന്നു; രാഹുൽ ഗാന്ധിക്ക് മറുപടി പറഞ്ഞ് നരേന്ദ്രമോദി

By Web TeamFirst Published Feb 7, 2019, 7:55 PM IST
Highlights

കാവൽക്കാരനെ കള്ളൻ കുറ്റപ്പെടുത്തുകയാണെന്ന് രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ച് നരേന്ദ്രമോദി തിരിച്ചടിച്ചു. നരേന്ദ്രമോദിക്ക് എതിരെ രാഹുൽ ഗാന്ധി ആവർത്തിച്ച് ഉപയോഗിക്കുന്ന 'ചൗക്കിദാർ ചോർ ഹെ' (കാവൽക്കാരൻ കള്ളനാണ്)  എന്ന പ്രയോഗത്തിനാണ് പ്രധാനമന്ത്രി മറുപടി നൽകിയത്.

ദില്ലി:  ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എതിരെ തന്‍റെ സ‍ർക്കാരിന്‍റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ആഞ്ഞടിച്ചത്. കാവൽക്കാരനെ കള്ളൻ കുറ്റപ്പെടുത്തുകയാണെന്ന് രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ച് നരേന്ദ്രമോദി തിരിച്ചടിച്ചു. നരേന്ദ്രമോദിക്ക് എതിരെ രാഹുൽ ഗാന്ധി ആവർത്തിച്ച് ഉപയോഗിക്കുന്ന 'ചൗക്കിദാർ ചോർ ഹെ' (കാവൽക്കാരൻ കള്ളനാണ്)  എന്ന പ്രയോഗത്തിനാണ് പ്രധാനമന്ത്രി മറുപടി നൽകിയത്.

കോൺഗ്രസ് ഭരണഘടനാ സംവിധാനങ്ങളെ അപമാനിച്ച പാർട്ടിയാണ്. സ്വന്തം സ്വത്ത് വർദ്ധിപ്പിക്കാണ് കോൺഗ്രസ് എക്കാലവും ശ്രമിച്ചത്. പൊതുമുതൽ കൊള്ളയടിച്ചവരാണ് കോൺഗ്രസ്. കോൺഗ്രസിന്‍റെ കാലത്ത് അഴിമതി ചിതൽ പോലെ രാജ്യത്തെ കാർന്നുതിന്നുകയായിരുന്നു.  കോൺഗ്രസ് സഹായിച്ച കള്ളന്മാരെ തന്‍റെ സർക്കാർ നിയമം ഉപയോഗിച്ച് പിടികൂടിക്കൊണ്ടിരിക്കുകയാണ്. തന്‍റെ സർക്കാർ രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കും.  ഈ പോരാട്ടത്തിൽ നിന്ന് പുറകോട്ട് പോകില്ല. നോട്ട് നിരോധനത്തിലൂടെ മൂന്ന് ലക്ഷം വ്യാജകമ്പനികളാണ് പൂട്ടിപോയതെന്നും വിദേശ സഹായം വാങ്ങി പ്രവർത്തിച്ചിരുന്ന ഇരുപതിനായിരം എൻജിഒകൾ പൂട്ടേണ്ടി വന്നെന്നും മോദി അവകാശപ്പെട്ടു.

കോൺഗ്രസിന്‍റെ റാഫാൽ ആരോപണത്തിനും മോദി പാർലമെന്‍റിൽ മറുപടി നൽകി. വായുസേനയെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി വിമ‍ർശിച്ചു. ദേശീയ സുരക്ഷവെച്ചാണ് കോൺഗ്രസ് കളിക്കുന്നത്. കോൺഗ്രസിന്‍റെ നീക്കത്തിൽ ഗൂഡാലോചനയുണ്ട്. മറ്റാരുടേയോ ഉത്തരവാണ് കോൺഗ്രസ് നടപ്പാക്കുന്നത്. സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലും വാങ്ങിനൽകാത്ത സർക്കാരായിരുന്നു കോൺഗ്രസിന്‍റേതെന്നും തന്‍റെ സർക്കാരാണ് സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വാങ്ങി നൽകിയതെന്നും നരേന്ദ്രമോദി പറഞ്ഞു. കോൺഗ്രസ് ഒരു കാലത്തും ഇടനിലക്കാരനില്ലാതെ പ്രതിരോധ ഇടപാടുകൾ നടത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. 

കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. കോൺഗ്രസ് 55 വർഷം രാജ്യം ഭരിച്ചു. താൻ ഭരിച്ചത് വെറും 55 മാസം മാത്രമാണ്. പക്ഷേ ഇത്രയും കാലം രാജ്യം ഭരിച്ച കോൺഗ്രസിന് പാവപ്പെട്ടവന് വൈദ്യുതി എത്തിക്കാൻ പോലും ആയില്ല. അതിന് താൻ വരേണ്ടിവന്നു എന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പാർലമെന്‍റിലും പുറത്തും താൻ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. തന്നെ വിമർശിക്കാം, പക്ഷേ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കരുതെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു. തന്‍റെ സർക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാനായെന്നും അഴിമതി വിരുദ്ധ സർക്കാരിനെ മുന്നോട്ട് നയിക്കാൻ തനിക്കായെന്നും നരേന്ദ്രമോദി പറഞ്ഞു.

കോൺഗ്രസിന്‍റെ വിശാലസഖ്യത്തെ ജനങ്ങൾ അംഗീകരിക്കാൻ പോകുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനിച്ചവരാണ്. ബിസി എന്നാൽ ബിഫോർ കോൺഗ്രസ് എന്നാണെന്നും എഡി എന്നാൽ ആഫ്റ്റർ ഡൈനാസ്റ്റി (രാജവാഴ്ച) എന്നാണെന്നും പ്രധാനമന്ത്രി പരിഹസിച്ചപ്പോൾ പാർലമെന്‍റിന്‍റെ ട്രഷറി ബഞ്ചുകളിൽ ചിരി പടർന്നു. കോൺഗ്രസുമായി ചേരുന്നത് ആത്മഹത്യാപരമെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്. കോൺഗ്രസിന്‍റെ  മഹാസഖ്യത്തിന് നേതൃത്വം നൽകുന്നവർ കേരളത്തിൽ പരസ്പരം മിണ്ടില്ലെന്നും നരേന്ദ്രമോദി പരിഹസിച്ചു.

click me!