
ദില്ലി: ഐ എൻ എക്സ് മീഡിയാ കേസില്‍ പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡിറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. ചിദംബരത്തിനൊപ്പം ഡി കെ ശിവകുമാറിനെയും ചോദ്യം ചെയ്യും. മുൻ കേന്ദ്രധനമന്ത്രി കൂടിയായ ചിദംബരത്തെ വിചാരണ ചെയ്യാൻ സിബിഐയ്ക്ക് കേന്ദ്രനിയമമന്ത്രാലയം അനുമതി നല്‍കിയിരുന്നു. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരം കേസിൽ പ്രതിയാണ്.
യുപിഎ സർക്കാരിൽ ധനമന്ത്രിയായിരിക്കെ പി ചിദംബരം ചട്ടം ലംഘിച്ച് അധികാര ദുർവിനിയോഗം നടത്തി ഐഎൻഎസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി നേടിക്കൊടുത്തെന്നാണ് കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎന്‍എക്സ് മീഡിയ. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുള്ളൂ. എന്നാല്‍ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വാങ്ങി.
ആദായനികുതി വകുപ്പ് ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് ഇന്ദ്രാണിയും പീറ്ററും നോര്‍ത്ത് ബ്ലോക്കിലെ ചിദംബരത്തിന്‍റെ ഓഫീസിലെത്തി സഹായം തേടിയത്. മകൻ കാർത്തിയുടെ ബിസിനസ്സിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്‍റെ മറുപടിയെന്നാണ് സിബിഐ പറയുന്നത്.
ചിദംബരത്തിന്‍റെ ആവശ്യപ്രകാരം വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന് ഐഎന്‍എക്സ് മീഡിയ, പുതിയ അപേക്ഷ നല്‍കി. ധനകാര്യമന്ത്രാലയം ഇതിന് അംഗീകാരം നല്കുകയും ചെയ്തു. ദില്ലിയിലെ ഹോട്ടല്‍ ഹയാത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിഫലമായി കാര്‍ത്തി ഒരു കോടി ഡോളര്‍ ആവശ്യപ്പെട്ടുവെന്നും സിബിഐ പറയുന്നു.
കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്‍റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗ് കമ്പനിക്ക് ആദ്യം പത്ത് ലക്ഷം രൂപ നല്‍കി. പിന്നീട് കാര്‍ത്തിയുടെ വിവിധ കമ്പനികൾ വഴി ഏഴ് ലക്ഷം ഡോളര്‍ വീതമുള്ള നാല് ഇന്‍വോയ്സുകളും നല്‍കി. ഇതെല്ലാം കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്തതോടെയാണ് സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam