
പാരീസ്: റഫാൽ യുദ്ധവിമാന കരാറിൽ അനിൽ അമ്പാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയായി തെരഞ്ഞെടുത്തത് സംബന്ധിച്ച് ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ട് പുറത്തു വിട്ട റിപ്പോർട്ട് തള്ളി ഡാസോ ഏവിയേഷൻ. കരാറിൽ റിലയൻസിനെ പങ്കാളിയാക്കാൻ തീരുമാനിച്ചത് സ്വതന്ത്രമായി എടുത്ത തീരുമാനപ്രകാരമാണെന്ന് ഡാസോ വ്യക്തമാക്കി.
2015 ഏപ്രില്‍ പത്തിന് പാരീസില്‍വെച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. തുടർന്ന് 2016 സെപ്തംബറിൽ ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരം 36 യുദ്ധവിമാനങ്ങൾക്ക് ചട്ടങ്ങൾക്കനുസൃതമായി ഇന്ത്യ കരാർ ഒപ്പിട്ടു. ഡസോള്‍ട്ടില്‍നിന്ന് സാങ്കേതികവിദ്യ വാങ്ങി മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇത് ഇന്ത്യയില്‍ നിര്‍മിക്കാനാണ് കരാര്‍.
ദസോ-റിലയൻസ് സംയുക്ത സംരംഭമായ ഡിആർഎഎല്ലിന്റെ നാഗ്പൂരിലെ പ്ലാൻറിൽ ആദ്യഘട്ടത്തിൽ ഫാൽകൺ 2000 ബിസിനസ് ജെറ്റിന്റെയും പിന്നീട് റഫാൽ യുദ്ധവിമാനത്തിന്റെയും ഭാഗങ്ങൾ നിർമിച്ചു തുടങ്ങും. നിർമാണ പ്രക്രിയയുമായി ബന്ധപ്പെട്ട് ഇന്ത്യൻ മാനേജർമാരുടേയും വിദഗ്ധ തൊഴിലാളികളുടെയും ആദ്യഘട്ട സംഘത്തിന് ഫ്രാൻസിൽ പരീശീലനം നൽകിയതായും ഡാസോ കൂട്ടിച്ചേർത്തു.
റഫാൽ കരാർ യാഥാർഥ്യമാകണമെങ്കിൽ റിലയൻസിനെ നിർബന്ധമായും തെരഞ്ഞെടുക്കണമെന്ന ഉപാധി ഡാസോയുടെ മുന്നിൽ ഇന്ത്യ വച്ചിരുന്നു എന്നതായിരുന്നു കരാറിൽ അനിൽ അമ്പാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയായി തെരഞ്ഞെടുത്തത് സംബന്ധിച്ച് ഫ്രഞ്ച് മാധ്യമം പുറത്തുവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam