
ദില്ലി: പാർലമെന്റിലേക്ക് കർഷകർ നടത്തുന്ന മെഗാ മാർച്ചിന് പൂർണ്ണ പിന്തുണ അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരാണ് മെഗാമാർച്ചിൽ പങ്കെടുക്കുന്നത്. കർഷകർ ചോദിക്കുന്നത് അവരുടെ അവകാശമാണെന്നും സൗജന്യമല്ലെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ.
രാജ്യത്തെ സമ്പന്നരുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതിത്തള്ളിയ മോദി എന്തു കൊണ്ട് കർഷകരോട് അങ്ങനെ ചെയ്യുന്നില്ല എന്നായിരുന്നു രാഹുൽഗാന്ധിയുടെ ചോദ്യം. അതിസമ്പന്നരായ 15 പേരുടെ 3.5 ലക്ഷം കോടി രൂപയുടെ കടമാണ് എഴുതിത്തള്ളിയത്. മോദിയുടെ പരാജയപ്പെട്ട നയങ്ങൾ മൂലം രാജ്യം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളാണ് കർഷകരുടെ പ്രശ്നവും ചെറുപ്പക്കാരുടെ തൊഴിലില്ലായ്മയും എന്ന് രാഹുൽ പറഞ്ഞു.
അഖിലേന്ത്യ കിസാൻ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കർഷക റാലി. ആത്മഹത്യ ചെയ്ത ഭർത്താക്കൻമാരുടെ ചിത്രങ്ങളുമായി തെലങ്കാനയിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകളെത്തിയിരുന്നു. കടത്തിൽ നിന്നുള്ള മോചനമാണ് കർഷകർക്ക് വേണ്ടതെന്ന മുദ്രാവാക്യമാണ് റാലിയിൽ കർഷകർ ഉയർത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam