
അബുദാബി: രാഹുൽഗാന്ധിയുടെ യുഎഇ പര്യടനം വിജയിപ്പിക്കാൻ സംസ്ഥാനത്തെ നേതാക്കൾ കൂട്ടത്തോടെ ഗള്‍ഫിലേക്ക്. വരുന്ന വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ യുഎഇ പര്യടനം തുടങ്ങുന്നത്. ലോക്സഭാ തെരെഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ യുഎഇയില്‍ എത്തുമ്പോള്‍ സന്ദര്‍ശനം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ പാര്‍ട്ടി അനുഭാവികള്‍.
ഈ മാസം 11-ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അരലക്ഷത്തിലേറെപേരെ പങ്കെടുപ്പിച്ച് കൊണ്ട് കരുത്തുതെളിയിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം. യുഎഇയിലെ എമിറേറ്റുകളിലെല്ലാം വൻ പങ്കാളിത്തമുള്ള സ്വാഗത സംഘയോഗങ്ങളും പ്രവർത്തക കൺവെൻഷനുകളും നടക്കുന്നുണ്ട്.
എഐസിസി സെക്രട്ടറി ഹിമാൻഷു വ്യാസ് പത്തു ദിവസത്തോളമായി ദുബായില്‍ ക്യാമ്പ് ചെയ്ത് പ്രവർത്തകരെ ഏകോപിപ്പിക്കുന്നുണ്ട്. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി പ്രചാരണസമിതി ചെയർമാൻ കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം കെ രാഘവന്‍ എംപി തുടങ്ങിയവര്‍ ഇതിനകം എത്തിക്കഴിഞ്ഞു.
രാഹുലിന്‍റെ സന്ദർശനത്തിന് പുറമെ കോൺഗ്രസ് പ്രവാസി സംഘടനകളിലെ പ്രശ്നങ്ങൾ പഠിച്ചു പരിഹരിക്കുക എന്ന ലക്ഷ്യവും നേതാക്കളുടെ സന്ദർശനത്തിന് പിന്നിലുണ്ട്. വിവിധ രാജ്യങ്ങളിൽ ശ്രദ്ധേയമായ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുമ്പോഴും നേതാക്കൾ തമ്മിലെ പ്രശ്നങ്ങളും ഗ്രൂപ്പിസവും സംഘടനക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. രാഹുലിന്‍റെ സന്ദർശനത്തിന് പിന്നാലെ പ്രവാസി ഘടകങ്ങളെ പാർലമെൻറ് തെരഞ്ഞെടുപ്പിനായി ആളുകൊണ്ടും അർഥം കൊണ്ടും സജ്ജമാക്കുകകൂടിയാണ് കെപിസിസി ലക്ഷ്യംവെയ്ക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam