പ്രതിഷേധങ്ങൾക്കിടെ ശബരിമല നട തുറന്നു

By Web TeamFirst Published Oct 17, 2018, 5:13 PM IST
Highlights

പമ്പയിലും നിലയ്ക്കലിലും അക്രമപരമ്പരകൾ അരങ്ങേറുമ്പോൾ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഒരു സ്ത്രീ പോലും ഇന്ന് ശബരിമല സന്നിധാനത്ത് ഇന്ന് എത്തിയിട്ടില്ല. രാത്രി പത്ത് മണിയോടെ ഹരിവരാസനം ചൊല്ലി നടയടയ്ക്കും. ഇന്ന് എത്തിയവരിൽ ബഹുഭൂരിപക്ഷം ആളുകളും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. നാളെയാണ് പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ്.

ശബരിമല: പമ്പയിലും നിലയ്ക്കലിലും അക്രമപരമ്പരകൾ അരങ്ങേറുമ്പോൾ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഒരു സ്ത്രീ പോലും ഇന്ന് ശബരിമല സന്നിധാനത്ത് ഇന്ന് എത്തിയിട്ടില്ല.

നെയ്‍വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യമറിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് താഴെയുള്ള ആഴിയിലേയ്ക്ക് അഗ്നി പകർന്ന ശേഷം ഇന്നത്തെ പ്രധാനചടങ്ങുകൾ അവസാനിയ്ക്കും. തുടർന്ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം ചൊല്ലി നടയടയ്ക്കും. ഇന്ന് എത്തിയവരിൽ ബഹുഭൂരിപക്ഷം ആളുകളും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

നാളെ പുലർച്ചെ അഞ്ച് മണിയ്ക്കാണ് നട തുറക്കുക. മഹാഗണപതിഹോമത്തോടെയാണ് നട തുറക്കുന്നത്. പിന്നീട് നെയ്യഭിഷേകവും ഉഷഃപൂജയും നടക്കുക. നാളെയാണ് പുതിയ വർഷത്തേയ്ക്കുള്ള മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുന്നത്. ഇതിനുവേണ്ടിയുള്ള പട്ടിക തയ്യാറാണ്. ശബരിമലയിലേയ്ക്ക് ഒൻപത് പേരുടെയും മാളികപ്പുറത്തേയ്ക്ക് ഒൻപതുപേരുടെയും പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് ശേഷം ഇരുപട്ടികകളിൽ നിന്നും നറുക്കെടുപ്പ് നടത്തും. 

ചേർത്തല സ്വദേശിനിയായ ലിബിയ്ക്കും, ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ മാധവിയ്ക്കും ദർശനത്തിന് പുറപ്പെട്ടെങ്കിലും ഒരു സംഘം ഹിന്ദുസംഘടനാപ്രവർത്തകരുടെ ആക്രമണത്തിന് പിന്നാലെ മടങ്ങേണ്ടി വന്നിരുന്നു.

click me!