പ്രളയ ദുരിതാശ്വാസം: രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് രാഷ്ട്രീയം കളിച്ചെന്ന് സജി ചെറിയാൻ

By Web TeamFirst Published Dec 5, 2018, 2:35 PM IST
Highlights

സമാനതകളില്ലാത്ത പ്രവർത്തനമാണ് സർക്കാർ ചെയ്തതെന്ന് സജി ചെറിയാൻ. രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് രാഷ്ട്രീയം കളിച്ചു. സാലറി ചാലഞ്ച് പൊളിച്ചത് പ്രതിപക്ഷമാണെന്നും സജി ചെറിയാന്‍റെ ആരോപണം. 

തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രവർത്തനമാണ് സർക്കാർ ചെയ്തതെന്ന് സജി ചെറിയാൻ നിയമസഭയില്‍. പ്രളയ ദുരിതാശ്വാസത്തില്‍ സർക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന വി ഡി സതീശന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്‍.

മുഖ്യമന്ത്രി, വകുപ്പുമന്ത്രിമാർ, എംഎൽഎമാർ, സന്നദ്ധസംഘടനകൾ, മത്സ്യത്തൊഴിലാഴികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് നടന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു. പതിനാറ് ലക്ഷം പ്രളയബാധിതരെയാണ് രക്ഷപ്പെടുത്തി ക്യാമ്പുകളിലേക്കെത്തിച്ചത്. മന്ത്രിമാർക്ക് ദുരന്തമുഖത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഉദ്യോഗസ്ഥ തലത്തിൽ എല്ലാ വകുപ്പുകളും ശ്ലാഘനീയമായ പ്രവർത്തനം നടത്തിയെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

Latest Videos

എന്നാല്‍, രക്ഷാപ്രവർത്തനത്തിന്‍റെ സമയത്ത് രാഷ്ട്രീയം കലർത്തി സഹായിക്കാൻ മുന്നോട്ടുവരാതെ യുഡിഎഫ് ഇപ്പോൾ സഭയിൽ ദീർഘനേരം പ്രസംഗിക്കുകയാണെന്നും സജി ചെറിയാൻ ആരോപിച്ചു. സജി ചെറിയാന്‍റെ ഈ പരാമർശത്തെ തുടർന്ന് സഭാതലം പ്രതിപക്ഷബഹളത്തിൽ മുങ്ങി.

Read More: പ്രളയദുരിതാശ്വാസത്തില്‍ വ്യാപക പാളിച്ചയെന്ന് പ്രതിപക്ഷം; സഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച തുടങ്ങി

തന്‍റെ മണ്ഡലത്തിൽ മാത്രം 600 മത്സ്യത്തൊഴിലാളി വള്ളങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി വന്നത്. ഒരു യുഡിഎഫ് നേതാവിന്‍റേയും നേതൃത്വത്തിൽ ഒറ്റവള്ളം പോലും എത്തിയില്ല. ദുരിതാശ്വാസ ക്യാമ്പുകൾ സിപിഎം ക്യാമ്പുകളാണെന്ന് ആരോപിച്ച് ക്യാമ്പുകളെ തകർക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു. 

രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. നാടൊന്നായി ശുചീകരണത്തിനായി ഇറങ്ങിയപ്പോൾ ഫോട്ടോ എടുക്കൽ അല്ലാതെ ഒരു പങ്കാളിത്തവും യുഡിഎഫ് പ്രവർത്തകർ ചെയ്തില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാടുമുഴുവൻ പ്രചാരണം നടത്തിയവരാണ് യുഡിഎഫുകാർ. സാലറി 25,000 കോടി കിട്ടുമായിരുന്ന സാലറി ചാലഞ്ച് യുഡിഎഫ് പൊളിച്ചു. ദുരന്തസമയത്ത് കേരളത്തിലുണ്ടായ ഐക്യം തകർക്കാൻ വർഗ്ഗീയ ശക്തികളുമായി കൂട്ടുകൂടി. ആയിരം വീടുകൾ നിർ‍മ്മിച്ചുനൽകുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസുകാർ ഇതുവരെ ഒറ്റ വീടിന് തറക്കല്ലിട്ടിട്ടുണ്ടോ എന്നും സജി ചെറിയാൻ ചോദിച്ചു. 

ചർച്ചക്കിടെ, സര്‍ക്കാര്‍ നടത്തിയ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് സജി ചെറിയാന്‍ എടുത്തു പറഞ്ഞു. വെള്ളമിറങ്ങിയതിന് ശേഷം ആയിരക്കണക്കിന് സന്നദ്ധരപ്രവർത്തനങ്ങളെ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഏകോപിപ്പിച്ചു. പഞ്ചായത്ത് വാർഡുകൾക്ക് 25,000 രൂപയും മുനിസിപ്പൽ വാർഡുകൾക്ക് 50,000 രൂപയും ശുചീകരണത്തിനായി അനുവദിച്ചു. മുഴുവൻ പ്രളയാന്തര മാലിന്യവും സംസ്കരിച്ചു. ലക്ഷക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ച് സംരക്ഷിച്ചു. ഭക്ഷണം, വസ്ത്രം, മരുന്ന്, സമാന്തര ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ കൃത്യമായി ഒരുക്കി. ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയ മുഴുവൻ പേർക്കും 1000 രൂപ വിലയുള്ള കിറ്റുകൾ കൊടുത്തുവിട്ടു. മരണമടഞ്ഞ 435 പേരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം അനുവദിച്ചു. 6,80,000 പേർക്ക് പതിനായിരം രൂപ വീതം നൽകി.

Read More: സഹായം കിട്ടിയില്ലെങ്കില്‍ നിരവധിപ്പേര്‍ മരിച്ച് വീഴും; കരഞ്ഞ് യാചിച്ച് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ദുരിതബാധിതർക്ക് ഇത് കൂടാതെ 5000 രൂപ വീതം അധികസഹായം കൊടുത്തു. മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട വള്ളങ്ങൾക്കും വസ്തുവകകൾക്കും പകരം പുതിയവ വാങ്ങിനൽകി. 16,000 വീടുകൾ പൂർണ്ണമായും തകർന്നു. ഇവയിൽ 4635 വീടുകൾക്ക് പുതിയ വീട് നിർമ്മിക്കാനുള്ള ആദ്യഗഡു തുക നൽകി. സഹകരണവകുപ്പ് 2000 വീടുകൾ നിർമ്മിക്കാനുള്ള ആദ്യഗഡു നൽകി. ഭാഗികമായി തകർന്ന 1936 വീടുകൾ പുതുക്കിപ്പണിയുന്നതിനുള്ള ആദ്യഗഡു ധനസഹായം നൽകി.
 
ഡിസംബർ വരെ പ്രളയബാധിധർക്ക് സൗജന്യറേഷൻ ലഭ്യമാക്കി. കൃഷിയും വളർത്തുമൃഗങ്ങളും നഷ്ടമായവർക്ക് ആകെ 49 കോടി രൂപയുടെ ധനസഹായം നൽകി. പ്രളയം ബാധിച്ച കുട്ടനാട്ടിലേയും അപ്പർ കുട്ടനാടിലേയും മുഴുവൻ സ്ഥലത്തും കൃഷി തുടങ്ങി. 38,441 പേർക്കായി 309 കോടി രൂപയാണ് കുടുംബശ്രീ പ്രവർത്തകർക്ക് പ്രളയത്തിന് ശേഷം ആകെ പലിശരഹിത വായ് നൽകിയെന്നും സജി ചെറിയാൻ പറഞ്ഞു.

തകർന്ന റോഡുകൾ, പാലങ്ങൾ, തോടുകൾ എന്നിവ നന്നാക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനം നടന്നുവരുന്നു. ഗ്രാമീണ റോഡുകളുടെപുനർനിർമ്മാണത്തിനായി 1250 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കാലാവസ്ഥാമുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചു. മാനസികമായി തകർന്ന കുട്ടികൾക്കും സ്ത്രീകൾക്കും കൗൺസിലിംഗ് നടത്തി.

എന്നാൽ കേരളം സാമ്പത്തികമായി ബുദ്ധമുട്ടുകയാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡത്തിൽ നിന്ന് 5616.77 കോടി രൂപയും ഇതിനു പുറമേ 5000 കോടി രൂപ പ്രത്യേക ധനസഹായവും ലഭിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ കേവലം 600 കോടി രൂപ മാത്രമാണ് കേന്ദ്രം നൽകിയത്. പ്രളയസഹായമായി തന്ന അരിയുടെ വിലയായി 236 കോടി രൂപയും രക്ഷാപ്രവർ‍ത്തനത്തിന് ഹെലികോപ്റ്റർ വന്ന വകയിൽ 30 കോടി രൂപയും കേരളം തിരിച്ചുകൊടുക്കണമെന്നാണ് കേന്ദ്രം ഇപ്പോൾ ആവശ്യപ്പെടുന്നത്. 

Read More: പ്രളയം: വിമാനത്തിനും റേഷനുമായി കേരളം കേന്ദ്രത്തിന് നല്‍കേണ്ടത് 290.67 കോടി രൂപ, പുനര്‍നിര്‍മാണത്തിന് ഫണ്ടില്ല

ഇതുകൂടാതെ യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ വാങ്ങേണ്ട എന്ന് കേന്ദ്രം തീരുമാനിച്ചു. ജർമനി വാഗ്ദാനം ചെയ്ത സഹായം വാങ്ങേണ്ട എന്ന് തീരുമാനിച്ചു. പ്രവാസി മലയാളികളുടെ സഹായം ശേഖരിക്കാൻ വിദേശത്ത് പോകാൻ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെ അനുവദിച്ചില്ല. വായ്പാ പരിധി ഒരു രൂപ പോലും വർദ്ധിപ്പിച്ചുതരാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ സാമ്പത്തികമായ വലിയ പ്രതിസന്ധി കേരളത്തിനുണ്ടെന്നും സജി ചെറിയാൻ വ്യക്തമാക്കി.

പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച തുടരുകയാണ്. പ്രളയാനന്തരസഹായം വിതരണം ചെയ്യുന്നതിൽ സർക്കാരിന് കനത്ത വീഴ്ചയാണെന്ന് പ്രതിപക്ഷം സഭയിൽ ആരോപിയ്ക്കുന്നു. പ്രളയ ദുരിതാശ്വാസത്തില്‍ സർക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. 100 ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ല. യുഡിഎഫില്‍ നിന്ന് പത്തും എല്‍ഡിഎഫിൽ നിന്ന് അഞ്ചും എംഎൽഎമാരാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നത്.

click me!