അതിജീവിക്കുന്ന കേരളത്തിന് പിന്തുണയുമായി സുപ്രീംകോടതി ജഡ്ജിമാര്‍

By Web TeamFirst Published Aug 28, 2018, 1:57 PM IST
Highlights

ജസ്റ്റിസ് കുരന്യ ജോസഫ് ബോളിവുഡ് ഗായകന്‍ മോഹിത് ചൗഹാനൊപ്പം  വീ ഷാള്‍ ഓവര്‍കം (നാം അതിജീവിക്കും..) എന്ന ഗാനം ആലപിച്ചു. അമരത്തിലെ വികാരനൗകയുമായി എന്ന ഗാനമാണ് പിന്നീട് വേദിയിലെത്തിയ ജസ്റ്റിസ് കെ.എം.ജോസഫ് പാടിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കായാണ് ഈ ഗാനമെന്ന് അദ്ദേഹം പറഞ്ഞു. 

ദില്ലി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് സമാഹരണത്തിനായി ദില്ലിയിലെ മാധ്യമപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കലാപരിപാടികളില്‍ പങ്കുചേര്‍ന്ന്  സുപ്രീംകോടതി ജഡ്ജിമാര്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, കുര്യന്‍ ജോസഫ്, കെ.എം.ജോസഫ് എന്നിവരാണ് കലാസന്ധ്യയില്‍ പങ്കെടുത്തത്. വളരെ അപൂര്‍വ്വമായി മാത്രമാണ് സുപ്രീംകോടതിയിലെ ന്യായാധിപര്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാറുള്ളത്. 

കേരളത്തിന് കരുത്തും പിന്തുണയും നല്‍കി കൊണ്ടുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സന്ദേശത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം. തുടര്‍ന്ന് ജസ്റ്റിസ് കുരന്യ ജോസഫ് ബോളിവുഡ് ഗായകന്‍ മോഹിത് ചൗഹാനൊപ്പം  വീ ഷാള്‍ ഓവര്‍കം (നാം അതിജീവിക്കും..) എന്ന ഗാനം ആലപിച്ചു. അമരത്തിലെ വികാരനൗകയുമായി എന്ന ഗാനമാണ് പിന്നീട് വേദിയിലെത്തിയ ജസ്റ്റിസ് കെ.എം.ജോസഫ് പാടിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കായാണ് ഈ ഗാനമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഹിന്ദി ഗാനം കൂടി ആലപിച്ചത് സദസിനെ ഞെട്ടിച്ച ശേഷമാണ് അദ്ദേഹം വേദി വിട്ടത്. 

അതിഥികളായി വന്നതിനപ്പുറം കലാസന്ധ്യയില്‍ ജഡ്ജിമാര്‍ നേരിട്ട് പങ്കെടുത്തതോടെ പരിപാടി കാഴ്ച്ചക്കാര്‍ക്കും വളരെ കൗതുകമായി മാറി. അപ്രതീക്ഷിതമായി സഹന്യായാധിനപന്‍മാരുടെ കലാപ്രകടനം  കണ്ട ചീഫ് ജസ്റ്റിസ് നല്ല പ്രൊത്സാഹനമാണ് അവര്‍ക്ക് നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ കേരളത്തെ സഹായിക്കുക എന്നതാണ് പ്രധാനമെന്നും ഇതിനായി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതില്‍ അസ്വാഭാവികതയൊന്നും കാണേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. 

പത്ത് ലക്ഷത്തോളം രൂപയാണ് കലാപരിപാടിയിലൂടെ ദുരിതാശ്വാസനിധിയിലേക്കായി സമാഹരിച്ചത്. സുപ്രീകോടതിയിലെ കൂടുതല്‍ ന്യായധിപന്‍മാരും അഭിഭാഷകരും ഉദ്യോഗസ്ഥരും സഹായവാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇവ കൂടി ലഭിച്ച ശേഷം സമാഹരിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു. 


 

click me!