
ദില്ലി: സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ അലോക് വർമ്മ നൽകിയ ഹർജിയിൽ സുപ്രീംകോടതി തീരുമാനം ഇന്നുണ്ടാകും. സിവിസി അന്വേഷണ റിപ്പോർട്ടിനുള്ള മറുപടി അലോക് വർമ്മ ഇന്നലെ നൽകിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകൾ തുടരുമ്പോൾ കോടതിയുടെ തീരുമാനം രാഷ്ട്രീയ പ്രത്യാഘാതത്തിനും ഇടയാക്കും.
സിബിഐയിലെ പാതിരാ അട്ടിമറിയിൽ കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ ഇന്ത്യ. രണ്ടു വർഷത്തെ കാലാവധിയുള്ളപ്പോൾ അർദ്ധരാത്രി ഇറക്കിയ ഉത്തരവിലൂടെ തന്നെ മാറ്റിയതിനെതിരെ അലോക് വർമ്മയാണ് കോടതിയിലെത്തിയത്. പ്രശാന്ത് ഭൂഷൺ നല്കിയ ഹർജിയും കൂട്ടത്തിൽ പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ചൻ ഗൊഗോയ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെഎം ജോസഫ് എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് ആദ്യത്തെ കേസായി ഇന്ന് ഇത് കേൾക്കുന്നത്.
മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എകെ പട്നായിക്കിൻറെ മേൽനോട്ടത്തിൽ രണ്ടാഴ്ച നീണ്ട അന്വേഷണം കേന്ദ്ര വിജിലൻസ് കമ്മീഷൻ നടത്തിയിരുന്നു. ചില വിഷയങ്ങളിൽ അലോക് വർമ്മയ്ക്കെതിരെ തുടർ അന്വേഷണം വേണമെന്നാണ് സിവിസി റിപ്പോർട്ട്. ഇതിനുള്ള മറുപടി ഇന്നലെ മുദ്രവച്ച കവറിൽ അലോക് വർമ്മ നല്കി. അലോക് വർമ്മയെ തിരിച്ചെടുക്കാനാണ് നിർദ്ദേശമെങ്കിൽ നരേന്ദ്ര മോദി സർക്കാരിന് കനത്ത തിരിച്ചടിയാകും.
തുടർ അന്വേഷണത്തിനാണ് നിർദ്ദേശമെങ്കിൽ നാഗേശ്വർ റാവുവിന് പകരം കോടതി നിശ്ചയിക്കുന്ന ഇടക്കാല ഡയറക്ടർക്കുള്ള സാധ്യത തള്ളാനാവില്ല. കേന്ദ്ര കൽക്കരി സഹമന്ത്രി ഹരിഭായി ചൗധരി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സിവിസി കെ വി ചൗധരി, നിയമസെക്രട്ടറി സുരേഷ് ചന്ദ്ര തുടങ്ങിയവർക്കെതിരെയായ വെളിപ്പെടുത്തൽ ഹർജിക്കെതിരെ ഉയർന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam