'നിങ്ങള്‍ ആളുകളെ വിഡ്ഢികളാക്കരുത്'; കല്‍ബുര്‍ഗി വധക്കേസില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ സുപ്രീം കോടതി

By Web TeamFirst Published Nov 27, 2018, 9:08 AM IST
Highlights

നിങ്ങള്‍ ഇത്രയും കാലം എന്തുചെയ്യുകയായിരുന്നു? ഒന്നുംചെയ്യാതെ ആളുകളെ വിഡ്ഢികളാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി തുറന്നടിച്ചു.
 

ദില്ലി: കന്നഡ എഴുത്തുകാരനായ എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകക്കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പൊലീസിനും കര്‍ണാടക സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. നിങ്ങള്‍ ഇത്രയും കാലം എന്തുചെയ്യുകയായിരുന്നു? ഒന്നുംചെയ്യാതെ ആളുകളെ വിഡ്ഢികളാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി തുറന്നടിച്ചു.

 ജഡ്ജിമാരായ ആര്‍ എഫ് നരിമാന്‍ നവീന്‍ സിന്‍ഹ എന്നിവരാണ് കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. കേസില്‍ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും രണ്ടാഴ്ചക്കകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കൈമാറണമെന്നും സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

അന്വേഷണം എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കൃത്യമായി അറിയിക്കണം. അല്ലാത്തപക്ഷം, ഞങ്ങള്‍ക്ക് ഉത്തരവ് പുറപ്പെടുവിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. 2015 ആഗസ്ത് 30നാണ്, ഹംപി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ കൂടിയായ കല്‍ബുര്‍ഗിയെ ദാര്‍വാഡ് കല്യാണ്‍നഗറിലെ വസതിയില്‍ എത്തിയ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. വീട്ടിലെത്തിയ മുന്നുപേര്‍ വാദപ്രതിവാദങ്ങള്‍ക്കുശേഷം അദ്ദേഹത്തിനുനേരെ നിറയൊഴിക്കുകയായിരുന്നു. 

click me!