നിർഭയക്കേസിലെ കുറ്റവാളികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

By Web TeamFirst Published Dec 13, 2018, 7:53 PM IST
Highlights

നിര്‍ഭയ കേസില്‍ കൂട്ടബലാത്സം​ഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുകേഷ്, പവൻ ​ഗുപ്ത, വിനയ് ശർമ്മ, അ​ക്ഷയ് എന്നീ നാലുപേരുടെ വധശിക്ഷ രണ്ടാഴ്ചയ്ക്കുള്ളിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവയാണ് ഹർജി സമർപ്പിച്ചത്.  

ദില്ലി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പ്രതികളുടെ ശിക്ഷ ഉടനടി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ മദൻ ബി ലോക്കൂറും ദീപക് ​ഗുപ്തയും അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. കോടതിയെ കളിയാക്കുകയാണോ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. കൂട്ടബലാത്സം​ഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുകേഷ്, പവൻ ​ഗുപ്ത, വിനയ് ശർമ്മ, അ​ക്ഷയ് എന്നീ നാലുപേരുടെ വധശിക്ഷ രണ്ടാഴ്ചയ്ക്കുള്ളിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവയാണ് ഹർജി സമർപ്പിച്ചത്. 

2012 ഡിസംബർ16നാണ് ലാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ആറുപേർ ചേർന്ന് ബസ്സിനുള്ളിൽ വച്ച് അതിക്രൂരബലാത്സം​ഗത്തിനിരയാക്കിയത്. ബലാത്സം​ഗത്തിന് ശേഷം പെൺകുട്ടിയെ ഇവർ റോഡിലുപേക്ഷിച്ചിരുന്നു. ഡിസംബർ 29ന് സിം​ഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലിൽ വച്ച് പെൺകുട്ടി മരിച്ചു.

പ്രതികളിലൊരാളായ രാംസിം​ഗ് കസ്റ്റ‍ഡിയിലിരിക്കെ ജയിലിൽ തൂങ്ങി മരിച്ചിരുന്നു. മറ്റൊരു പ്രതിയായ മുഹമ്മദ് അഫ്രോസിനെ പ്രായപൂർത്തിയാകാത്തതിന്റെ പേരിൽ പരമാവധി ശിക്ഷയായ മൂന്നു വർഷത്തെ ജയിൽവാസത്തിന് ശേഷം വിട്ടയച്ചിരുന്നു. മുകേഷ്, പവൻ ​ഗുപ്ത, വിനയ് ശർമ്മ എന്നിവർ വധശിക്ഷയിൽ നിന്നും ഇളവ് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽ‌കിയിരുന്നു. എന്നാൽ ഈ ഹർജി കോടതി തള്ളുകയാണുണ്ടായത്. ഇതിനെതുടർന്നാണ് ശിക്ഷ എത്രയും വേ​ഗം നടപ്പിലാക്കണമെന്ന ആവശ്യവുമായി ആലാഖ് കോടതിയെ സമീപിച്ചത്. 

ബലാത്സം​ഗ-കൊലപാതക കേസുകളിൽ എട്ടുമാസത്തിനുള്ളിൽ ശിക്ഷ നടപ്പിലാക്കാനുള്ള നടപടികൾ സുപ്രീംകോടതി സ്വീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2013 സെപ്റ്റംബറിലാണ് കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷ നടപ്പിലാക്കാൻ വരുന്ന കാലതാമസം ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ കാരണമാകുന്നുവെന്നും വധശിക്ഷ നടപ്പിലാക്കാനുള്ള സമയക്രമത്തെക്കുറിച്ച് കോടതി കൃത്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 

click me!