
കാസര്‍കോട്: ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കേരള കേന്ദ്ര സർവ്വകലാശാലയിൽ നിന്നും സസ്പെൻറ് ചെയ്ത വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടാം വർഷ അന്താരാഷ്ട്ര പഠന വിഭാഗം വിദ്യാർത്ഥിയെയാണ് ആശുപത്രിൽ പ്രവേശിപ്പിച്ചത്.
കൈഞരമ്പ് മുറിച്ചാണ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. മറ്റു വിദ്യാർത്ഥികൾ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. താൻ അനുഭവിച്ച വേദനയും ക്രൂരതയും അവഗണനയും പറഞ്ഞറിയിക്കാൻ പറ്റില്ലെന്നും വൈസ് ചാൻസിലറും പ്രൊവൈസ് ചാൻസിലറും രജിസ്ട്രാറും സർവ്വകലാശാല അധ്യാപകൻ മോഹൻ കുന്തറും സാമൂഹ്യ ദ്രോഹികളാണെന്നും കുറിപ്പിലുണ്ട്.
സർവ്വകാലാശാലയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ഈ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തിരുന്നു. ക്യാമ്പസിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവുമിറക്കി. സെപ്തംബറിൽ ഇറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് കൈമാറിയത്. ഇതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സർവ്വകലാശാലയ്ക്കകത്ത് പ്രക്ഷോഭം ശക്തമാക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam