തലസ്ഥാനത്ത് കാറ്ററിംഗ് യൂണിറ്റുമായി ട്രാന്‍സ്ജെന്‍ററുകള്‍

By Web TeamFirst Published Aug 3, 2018, 11:02 AM IST
Highlights

ട്രാൻസ്ജെൻഡർ വിഭാഗത്തിന് കൂടുതല്‍ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി അടുത്ത സാമ്പത്തികവർഷം അഞ്ചു ലക്ഷം രൂപ മാറ്റി വെക്കുമെന്ന് ജില്ലാ പഞ്ചായത്ത് 

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ രുചിപ്പെരുമയില്‍ ഇടംനേടാന്‍ ട്രാൻസ്ജെന്‍ററുകളുടെ കാറ്ററിംഗ് യൂണിറ്റും എത്തുന്നു. ഓഗസ്റ്റ് പകുതി മുതൽ മണക്കാട് കാറ്ററിംഗ് യൂണിറ്റ് പ്രവർത്തനമാരംഭിക്കും. നാല് പഞ്ചായത്തുകളിൽ നിന്നുള്ള അഞ്ച് പേരടങ്ങുന്ന സംഘമാണ് യുണിറ്റിന് പിന്നില്‍. ജില്ലാ പഞ്ചായത്തിന്റെ പിന്തുണയോടെ കുടുംബശ്രീക്കാണ് ഈ വേറിട്ട പദ്ധതിയുടെ നടത്തിപ്പ് ചുമതല. 

ചിറയിൻകീഴ് പഞ്ചായത്തില്‍ നിന്നുള്ള രജ്ഞിനി പിള്ള, അപൂർവ്വ എന്നിവരും കരവാരം പഞ്ചായത്തിനെ പ്രതിനിധീകരിച്ച് മായാ ബിജുവും കിഴുവിലം പഞ്ചായത്തിലെ നിയയും കരുംകുളം പഞ്ചായത്തിലെ ആത്മയുമാണ് സംഘത്തിലുള്ളത്. യൂണിറ്റിന് ജില്ലാ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ നൽകും. കൂടാതെ പാത്രങ്ങൾ, മേശ, കസേര തുടങ്ങിയവ പഞ്ചായത്ത് വാങ്ങി നൽകുമെന്നും അറിയിച്ചിട്ടുണ്ട്. 

കാറ്ററിംഗ് ആരംഭിക്കുന്നതിനായി സിഗ്മാസ് എന്ന ഏജൻസിയാണ് ഇവർക്ക് പരിശീലനം നൽകിയത്. ഇതിന്റെ അടുത്തപടിയായി എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ കാന്റീനിൽ പരിശീലനം നൽകും. ട്രാൻസ്ജെൻഡർ വിഭാഗത്തിന് കൂടുതല്‍ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി അടുത്ത സാമ്പത്തികവർഷം അഞ്ചു ലക്ഷം രൂപ മാറ്റി വെക്കുമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചു.


 

click me!