
ഹൈദരാബാദ്: മറ്റ് സമുദായങ്ങള്‍ക്കെതിരെ സ്പര്‍ദ്ധ പരത്തുന്ന രീതിയിലുള്ള പ്രസംഗങ്ങളുടെ പേരില്‍ പൊലീസ് ഹൈദരബാദില്‍ പ്രവേശനം നിഷേധിച്ച സ്വാമി പരിപൂര്‍ണാനന്ദയെ തെലങ്കാനയിലെ 'യോഗി ആദിത്യനാഥാ'ക്കാന്‍ ഒരുങ്ങി ബിജെപി നേതൃത്വം. യോഗി ആദിത്യനാഥിന് സാദൃശ്യമുള്ള സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള ആര്‍എസ്എസ് അനുബന്ധ സംഘടനകളുടെ അന്വേഷണമാണ് ആന്ധ്രയിലെ കാകിനാട ആസ്ഥാനമായ ശ്രീ പീതം മഠത്തിലെ സ്വാമി പരിപൂര്‍ണാനന്ദയില്‍ എത്തിയിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹൈദരബാദില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് പരിപൂര്‍ണാനന്ദ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് നീക്കി. ഇതിനെ പിന്നാലെയാണ് സംഘപരിവാര്‍ സംഘടനകള്‍ ഒന്നായി പരിപൂര്‍ണാനന്ദയ്ക്ക് ഹൈദരാബാദില്‍ ഗംഭീര സ്വീകരണമൊരുക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്വാമി പരിപൂര്‍ണാനന്ദ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്തിനെ സന്ദര്‍ശിച്ചിരുന്നു. ലോക്സഭയിലേക്ക് സെക്കന്ദരാബാദില്‍ നിന്നോ മാല്‍ക്കാജ്ഗിരിയില്‍ നിന്നോ സ്വാമിക്ക് സീറ്റ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്.
സ്വാമിയുടെ സാന്നിധ്യം ഹിന്ദു സമുദായത്തിന്റെ വോട്ടുകള്‍ ഉറപ്പാക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിനെ മുന്‍നിര്‍ത്തിയുള്ള പ്രചാരത്തിലൂടെ അധികാരത്തിലെത്തിയതിന് സമാനമായ സാഹചര്യമാണ് ബിജെപി കണക്കുകൂട്ടുന്നത്. തെലങ്കാനയ്ക്ക് യോഗി ആദിത്യനാഥ് പോലെയുള്ള ഒരു നേതാവിനെയാണ് ആവശ്യമെന്ന് ബിജെപി എംല്‍എ എന്‍വിഎസ്എസ് പ്രഭാകരിന്റെ പ്രസ്താവനകള്‍ റിപ്പോര്‍ട്ടുകള്‍ക്ക് ബലം നല്‍കുന്നുമുണ്ട്. സ്വാമി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോയെന്ന കാര്യം കാലമാണ് തീരുമാനിക്കുന്നതെന്നും എന്‍വിഎസ്എസ് പ്രഭാകര്‍ വിശദമാക്കിയിരുന്നു.
നേരത്തെ ഒരു റാലിയില്‍ പ്രസംഗിക്കുന്നതിനെ സ്വാമിയെ വിലക്കിയതിന്റെ പേരില്‍ രൂക്ഷമായ സംഘര്‍ഷം ഹൈദരാബാദില്‍ ഉണ്ടായിരുന്നു. കാവല്‍ മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖര റാവുവിന്റെ നടപടികള്‍ ഹിന്ദുക്കള്‍ക്കെതിരെയാണെന്ന് പ്രസംഗിച്ചതിനായിരുന്നു സ്വാമിയെ ഹൈദരബാദില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയത്. നിലവില്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലാത്ത സ്വാമി തന്റെ ആശങ്ങള്‍ ബിജെപിയുടേതിന് സമാനമാണെന്ന് നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്.
ഹിന്ദു സമുദായത്തിന് പുറമേ ആദിവാസി മേഖലകളിലും സ്വാമിക്കുള്ള സ്വാധീനമാണ് ബിജെപിയെ പരിപൂര്‍ണാനന്ദയെ മറ്റൊരു യോഗിയാക്കാനുള്ള നീക്കത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. രാഷ്ടരീയ പ്രവേശനത്തെപ്പറ്റി പ്രതികരിക്കാത്ത സ്വാമി അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വിശദമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam