
ദില്ലി: ദില്ലി വിമാനത്താവളത്തിൽനിന്ന് വയറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൊളംബിയന്‍ കൊക്കെയിന്‍ പിടിച്ചെടുത്തു. 74 ക്യാപ്സൂളുകളിലായി 900 ഗ്രാം കൊളംബിയന്‍ കൊക്കെയിനാണ് സാവോ പോളോയില്‍ നിന്നും ദില്ലി വിമാനത്താവളത്തിലെത്തിയ യുവതിയുടെ പക്കൽനിന്ന് നാര്‍ക്കോട്ടിക് നിയന്ത്രണ ബ്യൂറോ പിടിച്ചെടുത്തത്. വയറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ക്യാപ്സൂളുകള്‍ കണ്ടെത്തിയത്.
വിപണിയില്‍ ലഭിക്കുന്നതിൽവച്ച് ഏറ്റവും വിലയേറിയ ലഹരിമരുന്നില്‍ ഉള്‍പ്പെടുന്നതാണ് പിടിച്ചെടുത്തവ. നാല് കോടി രൂപയാണ് പിടിച്ചെടുത്ത കൊക്കെയിനിന്റെ മൂല്യം കണക്കാക്കപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കൂടെ ഉണ്ടായിരുന്ന രണ്ട് നൈജീരിയക്കാരേയും നാര്‍ക്കോട്ടിക് നിയന്ത്രണ ബ്യൂറോ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ യുവതി ജമൈക്കന്‍ പൗരയാണ് .
ദില്ലിയിലെ ക്രിസ്മസ്-പുതുവത്സര പാര്‍ട്ടികള്‍ ലക്ഷ്യമിട്ടാണ് ലഹരിമരുന്നുകള്‍ എത്തിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍. ഡിസംബർ ആറിന് എത്യോപ്യൻ എയർലൈൻസ് വിമാനത്തിൽ ജമൈക്കൻ പൗരയായ യുവതി അഡിസ് അബാബ വഴി ദില്ലിയിലെത്തുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക് വിഭാഗം ഇവർക്കായി വലവിരിച്ചതെന്ന് നാര്‍ക്കോട്ടിക് നിയന്ത്രണ ബ്യൂറോ സോണൽ ഡയറകടർ മാധവ് സിങ് വ്യക്തമാക്കി.
ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിൽ കർശന പരിശോധന ഏർപ്പെടുത്തുകയും സംശയാസ്പദമായി കണ്ടെത്തിയ യുവതിയെ പിടികൂടുകയുമായിരുന്നു. എന്നാല്‍ പരിശോധയ്ക്ക് വിധേയയാക്കിയ യുവതിയിൽനിന്ന് ഒന്നും നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. മെഡിക്കൽ പരിശോധനയ്ക്ക് യുവതിയെ ദില്ലിയിലെ സഫ്ദർജഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ എക്സറേ പരിശോധനയിലാണ് വയറ്റിനുള്ളിൽ ക്യാപ്സൂളുകള്‍ കണ്ടെത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിരവധിയാളുകൾ അറസ്റ്റിലാകുമെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam