
പാട്ന: പൊലീസുകാരനായ വരൻ മദ്യപിച്ചെത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്നും പിന്മാറി. ബീഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം. തിലക്പുര്‍ ഗ്രാമവാസിയായ പൊലീസ് കോൺസ്റ്റബിൾ ഉദയ് രാജക്കുമായുള്ള വിവാഹത്തിൽ നിന്നാണ് യുവതി പിന്മാറിയത്. ബീഹാറിലെ അക്ബര്‍പുര്‍ സ്വദേശിനിയാണ് യുവതി. സംഭവത്തെ തുടർന്ന് രാജക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ രാജക്കും സംഘവും മദ്യപിച്ചായിരുന്നു വിവാഹ വേദിയിൽ എത്തിയത്. മദ്യലഹരിയിൽ ആയിരുന്ന വരൻ യുവതിയുടെ അമ്മാവൻ പ്രസൂണ്‍ കുമാറുമായി തർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനൊടുവിൽ രാജക്ക് അമ്മാവനെ മർദ്ദിക്കുകയും ചെയ്തു.
സംഭവം അറിഞ്ഞ യുവതി തനിക്ക് വിവാഹം വേണ്ടെന്ന് അറിയിക്കുകയായിരുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും പൂർണ സമ്മതത്തോടെയാണ് യുവതി വിവാഹത്തിൽ നിന്നും പിന്മാറിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും രാജക്കിനെയും സംഘത്തെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാജക്കിനെതിരെ എക്സൈസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam