പൂജ്യത്തിനൊപ്പം പൂജ്യം ചേര്‍ന്നാലും പൂജ്യം തന്നെ; പ്രിയങ്കയുടെ വരവിനെ പരിഹസിച്ച് യോഗി

By Web TeamFirst Published Jan 26, 2019, 11:02 AM IST
Highlights

'പ്രിയങ്ക ഗാന്ധി ആദ്യമായിട്ടല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത്. 2014,2017  തെരഞ്ഞെടുപ്പുകളിൽ ഉത്തർപ്രദേശിൽ നിന്നുകൊണ്ട് അവർ പാർട്ടിയെ നയിച്ചിട്ടുണ്ട്. ആ കാലഘട്ടങ്ങളിലെല്ലാം കോൺഗ്രസിന് തകർച്ചയാണ് ഉണ്ടായത്. ഇപ്പോഴത്തെ അവരുടെ രാഷ്ട്രീയ പ്രവേശവും ബിജെപിയെ യാതൊരു തരത്തിലും ബാധിക്കില്ല'-യോഗി പറഞ്ഞു. 

നോയി‍ഡ: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്‍റെ നേതൃപദവിയിലേയ്ക്ക് എത്തിയതിന് പിന്നാലെ പരിഹാസവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു മാറ്റവും കൊണ്ടുവരില്ലെന്ന് യോഗി പറഞ്ഞു. പൂജ്യവും പൂജ്യവും കൂട്ടിയാൻ പൂജ്യം തന്നെയാണെന്നും യോഗി പരിഹസിച്ചു. പ്രിയങ്കയെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

'പ്രിയങ്ക ഗാന്ധി ആദ്യമായിട്ടല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത്. 2014,2017  തെരഞ്ഞെടുപ്പുകളിൽ ഉത്തർപ്രദേശിൽ നിന്നുകൊണ്ട് അവർ പാർട്ടിയെ നയിച്ചിട്ടുണ്ട്. ആ കാലഘട്ടങ്ങളിലെല്ലാം കോൺഗ്രസിന് തകർച്ചയാണ് ഉണ്ടായത്. ഇപ്പോഴത്തെ അവരുടെ രാഷ്ട്രീയ പ്രവേശവും ബിജെപിയെ യാതൊരു തരത്തിലും ബാധിക്കില്ല'-യോഗി പറഞ്ഞു. 

അപ്രതീക്ഷിതമായിട്ടായിരുന്നു പ്രിയങ്കയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. ബിഎസ്പിയും എസ്പിയും കോൺഗ്രിസിനെ കൈയ്യൊഴിഞ്ഞ സാഹചര്യത്തിൽ വലിയൊരു ഉത്തരവാദിത്വമാണ് പ്രിയങ്കയെ  കാത്തിരിക്കുന്നത്. അതേസമയം അമ്മ സോണിയ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ നിന്ന് പ്രിയങ്ക മത്സരിക്കുമെന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.

പ്രിയങ്ക ഗാന്ധിയെ  പാര്‍ട്ടി ഭാരവാഹിയാക്കാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ലെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വര്‍ഷങ്ങളായി ഇക്കാര്യം പ്രിയങ്കയോട് താൻ ആവശ്യപ്പെടുകയാണ്. എന്നാൽ കുട്ടികള്‍ ചെറുപ്പമായതിനാൽ അവരോടൊപ്പം ചെലവഴിക്കണമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നു. അതിനാൽ പ്രിയങ്ക രാഷ്ട്രീയത്തിലേയ്ക്ക് വന്നുവെന്നും രാഹുൽ വിശദീകരിച്ചു.  അതേസമയം പ്രിയങ്കയുടെ നിയമനം രാഹുലിന്‍റെ കഴിവില്ലായ്മയാണ് തെളിയിക്കുന്നതെന്ന ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍റെ പ്രതികരണം വിവാദമായി. 
 

click me!