അലിഗഡ് മുസ്ലീം യൂണിവേഴ്‍സിറ്റി ക്യാംപസില്‍ ക്ഷേത്രം നിര്‍മ്മിക്കണം; വൈസ് ചാന്‍സിലര്‍ക്ക് യുവമോര്‍ച്ചയുടെ കത്ത്

By Web TeamFirst Published Feb 8, 2019, 7:09 PM IST
Highlights

വൈസ് ചാന്‍സിലര്‍ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ യുവമോര്‍ച്ചയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ക്യാംപസില്‍ പ്രവേശിച്ച് വിഗ്രഹം സ്ഥാപിക്കുമെന്നുമാണ് മുകേഷ് സിംഗിന്‍റെ ഭീഷണി. 

അലിഗര്‍: അലിഗഡ്  മുസ്ലീം യൂണിവേഴ്സിറ്റി ക്യാംപസില്‍ ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്കായി ക്ഷേത്രം പണിയണമെന്ന് ബിജെപി യുവജന വിഭാഗം. യൂണിവേഴ്സിറ്റി ക്യാംപസില്‍ ആരാധനാലയം പണിയണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് മുകേഷ് സിംഗ് ലോധി വൈസ് ചാന്‍സിലര്‍ താരീഖ് മന്‍സൂറിന് കത്തുനല്‍കി.

വൈസ് ചാന്‍സിലര്‍ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ യുവമോര്‍ച്ചയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ക്യാംപസില്‍ പ്രവേശിച്ച് വിഗ്രഹം സ്ഥാപിക്കുമെന്നുമാണ് മുകേഷ് സിംഗിന്‍റെ ഭീഷണി. റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ പതാകയുമായി അനുവാദമില്ലാതെ ക്യാംപസിനുള്ളില്‍ പ്രകടനം നടത്താന്‍  ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ യൂണിവേഴ്സിറ്റി അധികൃതര്‍ വിലക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് ക്യാംപസില്‍ ക്ഷേത്രം എന്ന ആവശ്യം യുവമോര്‍ച്ച മുന്നോട്ട് വച്ചത്.  യൂണിവേഴ്സിറ്റിയുടെ രണ്ടു കണ്ണുകള്‍ പോലെയാണ് മുസ്ലീമും ഹിന്ദുവുമെന്ന് യൂണിവേഴ്സിറ്റി സ്ഥാപകനായ സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ പറഞ്ഞതായും അതുകൊണ്ട് തന്നെ മുസ്ലീം പള്ളിയോടൊപ്പം ക്ഷേത്രവും ക്യാംപസില്‍ നിര്‍മ്മിക്കാം.  ഈ വിഷയത്തില്‍ വൈസ് ചാന്‍സിലര്‍ക്ക് പ്രശ്നമുണ്ടാകില്ലെന്നും മുകേഷ് സിംഗ് ലോധി പറഞ്ഞു.

click me!