
ദുബായ്: ലോക ചെസ് (2021 World Chess Championship) കിരീടം നിലനിർത്തി മാഗ്നസ് കാൾസൻ (Magnus Carlsen). റഷ്യയുടെ ഇയാൻ നീപോംനീഷിയെ (Ian Nepomniachtchi) തോൽപിച്ചാണ് നോർവേ താരമായ കാൾസൺ അഞ്ചാം ലോക കിരീടം സ്വന്തമാക്കിയത്. 11 റൗണ്ട് പൂർത്തിയായപ്പോൾ നാല് ജയം ഉൾപ്പടെ കാൾസൻ 7.5 പോയിന്‍റ് നേടി. ആറ്, എട്ട്, ഒൻപത്, പതിനൊന്ന് റൗണ്ടുകളിലാണ് കാൾസന്‍റെ ജയം. നീപോംനീഷിക്ക് 3.5 പോയിന്‍റാണ് നേടാനായത്.
പതിനാല് റൗണ്ടുകളുള്ള ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന് മത്സരം ശേഷിക്കേയാണ് കാൾസന്‍റെ കിരീട നേട്ടം. പതിനേഴ് കോടി രൂപയാണ് കാൾസന് സമ്മാനത്തുകയായി കിട്ടുക. ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ തോൽപിച്ച് 2013ലാണ് കാൾസന്‍ ആദ്യമായി ലോക ചാമ്പ്യനായത്. ആറാം ഗെയിമിലെ വിജയമാണ് ലോക കിരീടം നിലനിർത്തുന്നതിൽ നിർണായകമായതെന്ന് കാൾസൻ പറഞ്ഞു.
മുപ്പത്തിയൊന്നാം വയസിലാണ് കാള്‍സന്‍റെ അഞ്ചാം ലോക കിരീടം. 2011 മുതൽ ലോക ചെസിലെ ഒന്നാമനായ കാള്‍സന്‍ ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് പുലര്‍ത്തുന്നു. 2013ലും 2014ലും വിശ്വനാഥൻ ആനന്ദിനെ വീഴ്‌ത്തി കാള്‍സന്‍ കുതിച്ചു. 2016ല്‍ സെർജി കര്യാകിനും 2018ല്‍ കരുവാനയും 2021ല്‍ നീപോംനീഷിയും കാള്‍സന്‍റെ പടയോട്ടത്തിന് മുന്നില്‍ അടിയറവുപറഞ്ഞു.