മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍ (Madan Lal) കോലി തുടരണമായിരുന്നുവെന്ന് പറയുന്ന കൂട്ടത്തിലാണ്. കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

മുംബൈ: വിരാട് കോലിയെ (Virat Kohli) ഏകദിന ടീമില്‍ നിന്ന് മാറ്റിയതിനെ കുറച്ച് രണ്ട് അഭിപ്രായമുണ്ട്. നല്ല തീരുമാനമെന്ന് പറയുന്നവരും കോലി തുടരണമെന്ന് വാദിക്കുന്നവരുമുണ്ട്. മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍ (Madan Lal) കോലി തുടരണമായിരുന്നുവെന്ന് പറയുന്ന കൂട്ടത്തിലാണ്. കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെിരേയും (Sourav Ganguly) മദന്‍ ലാല്‍ സംസാരിക്കുന്നുണ്ട്.

കോലി മികച്ച ഫലം നല്‍കുന്നുണ്ടെങ്കില്‍ എന്തിനാണ് അദ്ദേഹത്തിനെ മാറ്റിയതെന്നായിരുന്നു മദന്‍ ലാലിന്റെ ചോദ്യം. ''2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ കോലിയായിരിക്കും ഇന്ത്യയെ നയിക്കുക എന്നാണ് ഞാന്‍ കരുതിയത്. കോലി മികച്ച റ േെക്കാഡുണ്ടെങ്കില്‍ പിന്നെയെന്തിനാണ് അദ്ദേഹത്തെ മാറ്റിയത്? വിജയിയായിട്ടും നിങ്ങള്‍ പുറത്താക്കുകയാണെങ്കില്‍ അതു തീര്‍ച്ചയായും വേദനിപ്പിക്കും. ഒരു ടീമിനെ വാര്‍ത്തെടുക്കുകയെന്നതു വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്, പക്ഷെ അതിനെ എളുപ്പം തകര്‍ക്കാന്‍ കഴിയും.'' അദ്ദേഹം വിമര്‍ശിച്ചു. 

ഗാംഗുലിക്കെതിരെ കടുത്ത ഭാഷയിലാണ് മദന്‍ലാല്‍ സംസാരിച്ചത്. ''നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാരെ പറ്റില്ലെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അഭിപ്രായത്തോടു താന്‍ യോജിക്കുന്നില്ല. വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ക്കും അവരുടെ ശൈലിക്കും കീഴില്‍ നേരത്തേ കളിച്ചതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു അതു തിരിച്ചടിയാവുമെന്ന് താന്‍ കരുതുന്നില്ല. ഏകദിനനത്തിലും ടി20യിലും വ്യത്യസ്ത ക്യാപ്റ്റന്‍മാരുള്ളത് കളിക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നത് ശരിയല്ല.'' മദന്‍ ലാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പിലൂടെയാണ് രോഹിത്തിനെ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കിയ കാര്യം ബിസിസിഐ അറിയിച്ചത്. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായും രോഹിത്തിനെ കൊണ്ടുവന്നിരുന്നു. കോലിയാണ് ക്യാപ്റ്റന്‍.