
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം നവീകരണത്തില്‍ തര്‍ക്കം തീരുന്നില്ല. ടര്‍ഫ് നിര്‍മാണം സ്വകാര്യ ഫുട്‌ബോള്‍ കമ്പനിയെ ഏല്‍പ്പിക്കാന്‍ ധാരണ ആയെങ്കിലും ടര്‍ഫിന് ചുറ്റുമുള്ള ഫെന്‍സിങ് പൊളിക്കണമെന്ന അത്‌ലറ്റുകളുടെ ആവശ്യം അംഗീകരിച്ചില്ല. നിലവിലുള്ള അതേ അളവില്‍ മാത്രമാണ് ടര്‍ഫ് പുനര്‍ നിര്‍മ്മിക്കാനുള്ള അനുമതി ല്‍കിയതെന്നും സിന്തറ്റിക് ടാക്ക് നിര്‍മാണം തടസമില്ലാതെ ടക്കുമെന്നും മേയര്‍ ഉറപ്പ് നല്‍കി. സൂപ്പര്‍ ലീഗ് കേരളയിലെ തൃശൂര്‍ മാജിക്ക് എഫ്‌സിക്ക് വേണ്ടിയാണ് കോര്‍പ്പറേഷന്‍ അഞ്ചുവര്‍ഷത്തേക്ക് സ്റ്റേഡിയം വിട്ടു നല്‍കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇതുമൂലം സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടി അത്ലറ്റിക്‌സ് അസ്സോസിയേഷന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ കോര്‍പറേഷന്‍ തീരുമാനം പുതിയ വിവാദമായി. കൗണ്‍സില്‍ പാസാക്കാതെ സ്റ്റേഡിയം കൈമാറിയ നടപടിയില്‍ പ്രതിപക്ഷം ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഭരണ-പ്രതിക്ഷ കൗണ്‍സിലര്‍മാരെയും ഫുട്‌ബോള്‍-അത്‌ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികളെയും സ്പോര്‍ട്സ് താരങ്ങളുടെയും ഉള്‍പ്പെടുത്തി മേയര്‍ യോഗം വിളിച്ചത്.
സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണത്തിന് തടസ്സം വരുത്താതെ സ്റ്റേഡിയവും ഫുട്‌ബോള്‍ ടര്‍ഫും പുനര്‍നിര്‍മ്മിക്കാനാണ് അനുമതിയെന്നും പുതുതായി നിര്‍മിക്കുന്ന ടര്‍ഫിന്റെ വീതി വര്‍ധിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും യോഗത്തിന് ശേഷം മേയര്‍ പ്രതികരിച്ചു.
സ്റ്റേഡിയത്തിലെ എട്ട് ലൈന്‍ ട്രാക്ക് കൈയേറി ആറ് വരിയാക്കി ചുരുക്കിയെന്നാണ് അത്‌ലറ്റിക് സംഘടനകളുടെ പരാതി. ട്രാക്ക് കൈയ്യേറി ഒരുക്കിയ ഫെന്‍സിംഗ് പൊളിച്ചുമാറ്റണമെന്നാണ് ജില്ല അത്‌ലറ്റിക് ഫെഡറേഷന്റെ ആവശ്യം. യോഗത്തിലെ തീരുമാനത്തില്‍ തൃപ്തരല്ലെന്നും ഫെന്‍സിംഗ് മാറ്റാതെ ടര്‍ഫ് നവീകരണം ആരംഭിച്ചാല്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, എല്ലാ കായിക ഇനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ സ്റ്റേഡിയം വികസിപ്പിക്കണമെന്നാണ് പൊതുവികാരം.