മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 128 പേര്‍ക്കെതിരെ കൂടി നടപടി

By Web TeamFirst Published Nov 6, 2021, 8:53 AM IST
Highlights

അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്നാണ് നിലവിലെ നിര്‍ദേശം. അതേസമയം തുറസായ പൊതുസ്ഥലങ്ങളില്‍ ഇപ്പോള്‍ മാസ്‌ക് നിര്‍ബന്ധവുമില്ല.

ദോഹ: ഖത്തറില്‍ (Qatar) മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് (Not wearing masks) 128പേര്‍ക്കെതിരെ നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് (Public Prosecution) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം (Ministry of interior) അധികൃതര്‍ അറിയിച്ചു. 

രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്നാണ് നിലവിലെ നിര്‍ദേശം. അതേസമയം തുറസായ പൊതുസ്ഥലങ്ങളില്‍ ഇപ്പോള്‍ മാസ്‌ക് നിര്‍ബന്ധവുമില്ല. എന്നാല്‍ പ്രത്യേകമായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളില്‍ മാസ്‌ക് ധരിക്കണം. ഇതിന് പുറമെ പള്ളികള്‍, സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്.

മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സമൂഹത്തിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹകരിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

click me!