ആളുകളുടെ സഹതാപം കിട്ടാന്‍ കണ്ണീര്‍ കഥകള്‍ മെനഞ്ഞ് യാചന; യുഇഎയില്‍ 159 പേര്‍ പിടിയില്‍

By Web TeamFirst Published Dec 19, 2022, 3:16 PM IST
Highlights

കടകളുടെയും പള്ളികളുടെയും ഉള്‍പ്പെടെ ജനാലകളിലും വാതിലുകളിലും പതിപ്പിക്കുന്ന ഇത്തരം കഥകള്‍ പൊതുജനങ്ങള്‍ വിശ്വസിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അബുദാബി: അബുദാബിയില്‍ ഭിക്ഷാടനം നടത്തിയ 159 പേര്‍ പിടിയില്‍. ഈ വര്‍ഷം നവംബര്‍ ആറു മുതല്‍ ഡിസംബര്‍ 12 വരെ എമിറേറ്റില്‍ നടത്തിയ പരിശോധനകളിലാണ് യാചകര്‍ പിടിയിലായത്. ആളുകളെ സഹതാപം പിടിച്ചുപറ്റാനായി കഥകള്‍ മെനഞ്ഞ് ഇവരെ വിശ്വസിപ്പിക്കുകയുമാണ് യാചകര്‍ ചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കടകളുടെയും പള്ളികളുടെയും ഉള്‍പ്പെടെ ജനാലകളിലും വാതിലുകളിലും പതിപ്പിക്കുന്ന ഇത്തരം കഥകള്‍ പൊതുജനങ്ങള്‍ വിശ്വസിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിനുകള്‍ നടത്താറുണ്ട്. തെരുവുകളിലെ ഭിക്ഷാടനം കുറയ്ക്കുന്നതില്‍ പൊലീസുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. സഹായം ആവശ്യമുള്ളവര്‍ക്ക് ഇവ എത്തിക്കുന്നതിനായി ഔദ്യോഗിക സംവിധാനങ്ങളും സ്ഥാപനങ്ങളും ജീവകാരുണ്യ സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഭിക്ഷാടനം ശ്രദ്ധയില്‍പ്പെട്ടാല്‍  999 എന്ന നമ്പരില്‍ വിളിച്ച് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. 

Read More -  യുഎഇ സന്ദര്‍ശക വിസ പുതുക്കല്‍; പ്രവാസികള്‍ക്ക് അധിക ചെലവ്, ബസ് ടിക്കറ്റ് കിട്ടാനില്ല

അതേസമയം സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി സാമ്പത്തിക സഹായത്തിന് അഭ്യര്‍ത്ഥിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് അധികൃതര്‍ അറിയിച്ചു. 50,000 റിയാല്‍ (10 ലക്ഷം രൂപ) പിഴയോ ആറുമാസത്തെ തടവുശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിതെന്ന് അഭിഭാഷക മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ വഴിയുള്ള സഹായ അപേക്ഷകള്‍ ഇലക്ട്രോണിക് ഭിക്ഷാടനത്തിന് കീഴില്‍ വരുന്നതാണെന്ന് അഭിഭാഷക സാറ അല്‍ ഹര്‍ബി സൗദി ടെലിവിഷനോട് വെളിപ്പെടുത്തി.

Read More -  യുഎഇയില്‍ കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് വീണ് പ്രവാസി യുവതി മരിച്ചു

ഇത്തരത്തിലുള്ള സഹായ അഭ്യര്‍ത്ഥനകള്‍ സൗദിയില്‍ നിയമവിരുദ്ധമാണെന്നും ഭിക്ഷാടനമായി ഇവ കണക്കാക്കുമെന്നും അവര്‍ പറഞ്ഞു. യാചകര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും ആറു മാസം തടവുശിക്ഷയോ 50,000 റിയാല്‍ പിഴയോ ആണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുന്നത് വിദേശികളാണെങ്കില്‍ അവരെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയും തിരികെ സൗദിയിലേക്ക് മടങ്ങി വരാതിരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.

click me!