
മനാമ: 74 ഹെറോയിന്‍ ക്യാപ്‍സ്യൂളുകളുമായി പ്രവാസി യുവാവ് ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായി. തന്റെ അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വേണ്ടിയാണ് മയക്കുമരുന്ന് കടത്തിയതെന്നായിരുന്നു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവാവിന്റെ വാദം.
23 വയസുകാരനായ പാകിസ്ഥാന്‍ പൗരനാണ് പിടിയിലായത്. വയറിലൊളിപ്പിച്ചാണ് ലഹരി ഗുളികകള്‍ കൊണ്ടുവന്നത്. അന്താരാഷ്‍ട്ര വിപണിയില്‍ ഒരു ലക്ഷത്തിലധികം ബഹ്റൈനി ദിനാര്‍ വിലയുള്ള മയക്കുമരുന്ന് രാജ്യത്ത് എത്തിക്കാന്‍ ആയിരം ബഹ്റൈനി ദിനാറാണ് തനിക്ക് പ്രതിഫലം വാഗ്ദാനം ചെയ്‍തിരുന്നതെന്ന് യുവാവ് പറഞ്ഞു. അമ്മയ്ക്ക് വളരെ സുഖമില്ലെന്നും തനിക്ക് പണത്തിന് അത്യാവശ്യമുണ്ടായിരുന്നപ്പോഴുമാണ് നാട്ടുകാരനായ ഒരാള്‍ സമീപിച്ച് 1000 ദിനാര്‍ (ആറ് ലക്ഷത്തിലധം പാകിസ്ഥാന്‍ രൂപ) കൈമാറിയതെന്ന് ഇയാള്‍ ജഡ്ജിയോട് പറഞ്ഞു.
പണത്തിന് പകരമായാണ് മയക്കുമരുന്ന് ഗുളികകള്‍ വിഴുങ്ങിയ ശേഷം ബഹ്റൈനിലേക്ക് വന്നതെന്നും ചെയ്‍തുപോയ പ്രവൃത്തിയില്‍ ഖേദമുണ്ടെന്നും ഇയാള്‍ പറഞ്ഞു. വിമാനത്താവളത്തില്‍ വെച്ച് പെരുമാറ്റത്തിലെ അസ്വഭാവികതയും പരിഭ്രാന്തിയും കണ്ടതോടെയാണ് യുവാവിനെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. നിരോധിത വസ്‍തുക്കള്‍ എന്തെങ്കിലും കൈവശമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി.
എന്നാല്‍ എക്സ്റേ പരിശോധന നടത്തിയപ്പോള്‍ ശരീരത്തിനുള്ളിലെ ലഹരി ഗുളികകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കേസിന്റെ വിചാരണ തിങ്കളാഴ്ചയും തുടരും. നിരവധി പാകിസ്ഥാന്‍ പൗരന്മാരാണ് വയറിലൊളിപ്പിച്ച ലഹരി ഗുളികകളുമായി അടുത്തിടെ ബഹ്റൈനില്‍ പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ