
റിയാദ്: വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലുള്ള പ്രമുഖ കമ്പനിയിലെ 270 ഇന്ത്യൻ തൊഴിലാളികൾ എട്ട് മാസമായി ശമ്പളവും ജോലിയുമില്ലാതെ നാട്ടിൽ പോവാനും കഴിയാതെ പ്രതിസന്ധിയിലകപ്പെട്ടിരിക്കയാണ്. കേരളം, ഉത്തർപ്രദേശ്, ബീഹാർ, തമിഴ്‌നാട്, ഒഡീഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് പ്രയാസത്തിലകപ്പെട്ടത്.
പരിഹാരം കാണാൻ കഴിയാതെ അനന്തമായി നീണ്ടു പോവുന്നതിനാൽ വിഷയം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ട് വരികയും എംബസിയിൽ വിവരം അറിയിക്കുകയും ചെയ്തതിനെ തുടർന്ന് ഇന്ത്യൻ എംബസി തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാര മാർഗ്ഗത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി പ്രവാസി വെൽഫെയർ ജുബൈൽ ജന സേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വോളന്റീയറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയും ഇന്ത്യൻ എംബസി ലേബർ വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥനായ സഅദുള്ളയും ജുബൈൽ അൽജുഐമ ഏരിയ ലേബർ ഓഫീസ് സന്ദർശിച്ചു.
ശേഷം ലേബർ ഓഫീസർ മുത്ത് ലഖ് ഖഹ്താനിയും സഹ ഉദ്യോഗസ്ഥൻ ഹഖീം അബൂജവാദും, തൊഴിൽ തർക്കപരിഹാര വിഭാഗം ഓഫീസർ ഹസൻ ഹംബൂബയുടെയും സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി തുടർ നടപടികളെ കുറിച്ച് ആലോചിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ലേബർ ഓഫീസറുടെ നിർദ്ദേശപ്രകാരം തൊഴിൽ വകുപ്പ് അന്വേഷണ വിഭാഗം ഓഫീസർ മുസാഅദ് അൽ അഹ്‌മരിയും സൈഫുദ്ദീൻ പൊറ്റശ്ശേരിയും സഅദുള്ളയും ചേർന്ന് കമ്പനി ജോലിക്കാരുടെ ക്യാമ്പ് സന്ദർശിച്ച് മുഴുവൻ ഇന്ത്യൻ തൊഴിലാളികളേയും നേരിട്ട് കണ്ട് കാര്യങ്ങൾ അന്വേഷിച്ചു. പരിഹാര മാർഗ്ഗം അറിയിക്കുകയും തുടർ നടപടികൾ ആരംഭിക്കുകയും ചെയ്തതോടെ ഏറെ പ്രതീക്ഷയിലാണ് തൊഴിലാളികൾ.
കൂടാതെ, നേരത്തേ ഫൈനൽ എക്സിറ്റ് ലഭിച്ച് കാലാവധി തീർന്ന് നാട്ടിൽ പോവാൻ കഴിയാത്ത തൊഴിലാളികൾക്ക് ജുബൈൽ ജവാസാത്തുമായി ബന്ധപ്പെട്ട് തടസം നീക്കാനായി സൈഫുദ്ദീൻ പൊറ്റശ്ശേരി ശ്രമം നടത്തുന്നുണ്ട്. മറ്റു തടസങ്ങൾ ഒന്നുമില്ലാത്ത തൊഴിലാളികളിൽ 80 പേർക്ക് ഫൈനൽ എക്സിറ്റിന്‍റെ നടപടിക്രമങ്ങൾ തുടങ്ങിയതായി തൊഴിൽ വിഭാഗം ഓഫീസർ മുഹമ്മദ് അൽ ഖുവൈലിദി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam