ഏകീകരണവും സമാധാനവും മുൻനിർത്തി ഗൾഫ് നേതാക്കൾ ഒറ്റ വേദിയിൽ, 46-ാമത് ജിസിസി ഉച്ചകോടി നാളെ, ഒമാൻ ഭരണാധികാരി പങ്കെടുക്കും

Published : Dec 02, 2025, 09:38 PM IST
oman ruler

Synopsis

ഗൾഫ് സഹകരണ കൗൺസിലിന്‍റെ പരമോന്നത കൗൺസിലിന്റെ 46-ാമത് സമ്മേളനം നാളെ മനാമയിൽ. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് പങ്കെടുക്കും. ഇതിനായി സുൽത്താൻ ബുധനാഴ്ച ബഹ്റൈനിലേക്ക് പുറപ്പെടും.

മസ്കറ്റ്: ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ വെച്ച് നടത്തപ്പെടുന്ന ഗൾഫ് സഹകരണ കൗൺസിലിന്‍റെ (ജിസിസി) പരമോന്നത കൗൺസിലിന്റെ 46-ാമത് സമ്മേളനത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് പങ്കെടുക്കും. ഇതിനായി സുൽത്താൻ ബുധനാഴ്ച ബഹ്റൈനിലേക്ക് പുറപ്പെടും. ജിസിസി രാജ്യങ്ങളിലെ മറ്റു നേതാക്കളുമായി സുൽത്താൻ ഹൈത്തം ബിൻ താരിഖ് കൂടിക്കാഴ്ച നടത്തും.

മനാമയിൽ ബുധനാഴ്ച ആരംഭിക്കുന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ 46-ാമത് ഉച്ചകോടി, അംഗരാജ്യങ്ങളിലെ പൗരന്മാർ ഒന്നടങ്കം ആഗ്രഹിക്കുന്ന ആഴത്തിലുള്ള സഹകരണം, സമഗ്രമായ ഏകീകരണം എല്ലാ തലങ്ങളിലുമുള്ള ബന്ധങ്ങളുടെ ശക്തീകരണം എന്നിവയുടെ പ്രതീകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളും ഉന്നത നേതാക്കളുമാണ് ഉച്ചകോടിയുടെ ഉന്നതയോഗത്തിൽ പങ്കെടുക്കുക.

ഉച്ചകോടിയിൽ ഗൾഫ് സംയുക്ത പ്രവർത്തനത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിലൂടെയുള്ള സമഗ്ര വിലയിരുത്തലാണ് പ്രധാന ചർച്ച. കൂടാതെ പ്രാദേശികവും അന്തർദേശീയവും ആയ വികസനങ്ങളും അവയുടെ സുരക്ഷാ സ്ഥിരതാ പ്രത്യാഘാതങ്ങളും വിലയിരുത്തപ്പെടും. പ്രദേശത്ത് സമഗ്ര സമാധാനത്തിനുള്ള സംയുക്ത ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുകയും മാറുന്ന സാഹചര്യങ്ങളിൽ ഏകീകൃത നിലപാട് സ്വീകരിക്കാനുള്ള വഴികളും ചർച്ചക്ക് വരും.

ജിസിസി ജനറൽ സെക്രട്ടറിയായ ജാസിം മുഹമ്മദ് അൽ ബുദൈവി, ഗൾഫ് മേഖലയിലെയും ആഗോള തലത്തിലെയും സഹകരണ ഘടനകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കി. ബഹ്റൈൻ ഉച്ചകോടി ചരിത്രപരമായ നേട്ടങ്ങൾക്ക് പുതിയ അടിത്തറയാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

കുവൈത്തിൽ 2024 ഡിസംബറിൽ നടന്ന 45-മത് ഉച്ചകോടി ശുദ്ധ ഊർജ്ജം, ടെക്‌നോളജി, ഗ്രീൻ ട്രാൻസിഷൻ എന്നിവയിൽ നിക്ഷേപവർധന ഉൾപ്പെടെയുള്ള നിരവധി നിർണായക തീരുമാനങ്ങളെടുത്തിരുന്നു. 2024ൽ ജിസിസി രാജ്യങ്ങൾ 1.9% യാഥാർഥ്യ ജി.ഡി.പി വളർച്ച കൈവരിച്ചു. ഓയിൽ ഇതര മേഖല 4.4% വളർന്നത് വലിയ നേട്ടമായി കണക്കാക്കുന്നു. 2025–2027 കാലയളവിൽ വളർച്ച ക്രമേണ ഉയരും എന്നാണ് സാമ്പത്തിക പ്രവചനം.

2023ൽ ജിസിസി രാജ്യങ്ങളിലേക്കുള്ള വിദേശ നിക്ഷേപം 523.4 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. ഇതോടെ ലോകത്തിലെ ആകെ എഫ്ഡിഐയിൽ 5% പങ്ക് ഗൾഫ് പ്രദേശത്തേക്ക് എത്തി. 2015ൽ 88.2 ബില്യണായിരുന്ന ഗൾഫ് നിക്ഷേപം 2023ൽ 130.3 ബില്യണായി ഉയർന്നു. 2024ൽ ഗൾഫിന്‍റെ വിദേശ വ്യാപാരം 1.1% വർധിച്ചു. എണ്ണവിലയിൽ കുറവ് വന്നിട്ടും നോൺ-ഓയിൽ കയറ്റുമതി വലിയ രീതിയിൽ വളർന്നു. അതേ വർഷം പൊതുവരുമാനം 670.2 ബില്യൺ ഡോളറായപ്പോൾ ചെലവ് 659.3 ബില്യണിൽ നിന്നിരുന്നു.

നികുതിരംഗത്തെ പരിഷ്‌കരണങ്ങളും ഡിജിറ്റൽ സാമ്പത്തിക സംവിധാനങ്ങളും നോൺ-ഓയിൽ വരുമാനം ഉയർത്താൻ സഹായിച്ചു. 2024ൽ ഗൾഫ് ഓഹരി വിപണിയുടെ മൊത്തം മൂല്യം 4.2 ട്രില്യൺ ഡോളറോളം എത്തി. ജിസിസി ഉച്ചകോടികൾ നാല് ദശാബ്ദങ്ങളിലായി സുരക്ഷ, സമ്പദ്‌വ്യവസ്ഥ, പ്രതിരോധം, സുസ്ഥിര വികസനം എന്നിവയിൽ ഏകീകൃത നയങ്ങൾ രൂപപ്പെടുത്തുന്ന പ്രധാന വേദിയായി മാറിയിട്ടുണ്ട്.

ഒമാന്‍റെ നിലപാട്

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് താരിഖിന്റെ വിവേകപരമായ നേതൃത്ത്തിൽ ജിസിസിയുടെ ഐക്യം ശക്തിപ്പെടുത്തുക ഒമാന്‍റെ സ്ഥിരമായ നിലപാടാണ്. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ ആഴത്തിലുള്ള സംയോജനം ജിസിസിയുടെ ഭാവി ശക്തിയാണെന്ന് ഒമാൻ ന്യൂസ് ഏജൻസിയോട് നടത്തിയ അഭിമുഖത്തിൽ ശൈഖ് അഹ്മദ് ബിൻ ഹാശിൽ അൽ മസ്കരി വ്യക്തമാക്കിയിട്ടുണ്ട്. ഒമാനി വിദേശകാര്യ മന്ത്രാലയത്തിലെ ജിസിസി, റീജിയണൽ നെയ്ബർഹുഡ് ഡിപ്പാർട്ട്‌മെന്റിന്റെ തലവനാണ് ശൈഖ് അഹ്മദ്. ഒമാൻ വിഷൻ 2040, ഗൾഫ് രാജ്യങ്ങളുടെ ദർശനങ്ങളുമായി പൂർണ്ണമായും യോജിക്കുന്നെന്നും വ്യാപാരം, സേവനങ്ങൾ, ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ സംയുക്ത പദ്ധതികൾക്ക് ഒമാൻ വലിയ പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് വൈദ്യുത ബന്ധവും ഗൾഫ് റെയിൽ‌വേയും ഭാവിയിലെ ഏറ്റവും നിർണായക പ്രോജക്ടുകളായി മാറുമെന്നും അഹ്മദ് ബിൻ ഹാശിൽ അൽ മസ്കരി പ്രത്യാശ പ്രകടിപ്പിച്ചു.

യൂണിഫൈഡ് 'ഗൾഫ് ഷെങ്കൻ' വിസ

ജി.സി.സി രാജ്യങ്ങൾ ഒരൊറ്റ ടൂറിസ്റ്റ് വിസ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. ആവശ്യമായ സാങ്കേതിക നിയമപരമായ കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം ഇത് പ്രാബല്യത്തിൽ വരും. ഇതോടെ ഒരൊറ്റ വിസയിലൂടെ ആറ് രാഷ്ട്രങ്ങളിലും സഞ്ചരിക്കാൻ കഴിയും.

സൈബർ സുരക്ഷയും ഊർജ്ജ സഹകരണവും

ഒമാൻ ഗൾഫ് സൈബർ സുരക്ഷ ശേഷി വർദ്ധിപ്പിക്കാനുള്ള സംയുക്ത പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് ശൈഖ് മസ്കരി വ്യക്തമാക്കി.

ബഹ്റൈൻറെ നിലപാട്

46-മത് ജിസിസി ഉച്ചകോടി ബഹ്റൈനിൽ നടക്കുന്നത്, നാല്പതാണ്ടുകളായുള്ള ഗൾഫ് ഐക്യത്തിന്റെ വിജയ യാത്രയിൽ പുതിയ നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബഹ്റൈൻ നിയമ-മാനവാവകാശ കാര്യാലയ ഡയറക്ടർ ജനറൽ ഡോ. യൂസുഫ് അൽ ബുജൈരി പറഞ്ഞു.

ഗൾഫ് റെയിൽ‌വേ കരാർ ഈ സമ്മേളനത്തിൽ ഒപ്പിടപ്പെടുമെന്നും അത് ഗൾഫ് പൗരന്മാരുടെയും നേതാക്കളുടെയും ദീർഘകാല സ്വപ്നം യാഥാർത്ഥ്യമാവുന്ന നിമിഷമാകുമെന്നും ബഹ്റൈൻ നിയമ-മാനവാവകാശ കാര്യാലയ ഡയറക്ടർ ജനറൽ ഡോ. യൂസുഫ് വ്യക്തമാക്കി.

ജിസിസി രാജ്യങ്ങളുടെ ഭരണാധികാരികളുടെ പ്രധാന ശ്രദ്ധ ഗൾഫ് ഐക്യത്തെ കൂടുതൽ ശക്തിപ്പെടുത്തുക, പ്രദേശത്തെ സുരക്ഷയും സ്ഥിരതയും ഉറപ്പിക്കുക, സമാധാനപരമായ നയതന്ത്ര മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുക, ഊർജ്ജ സുരക്ഷ ഉറപ്പാക്കുക, ആഗോള പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുക എന്നിവയിലായിരിക്കും. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയോജന ശ്രമങ്ങൾ വിപുലീകരിക്കുകയും വളർച്ച, സമൃദ്ധി, സ്ഥിരത എന്നിവ ലക്ഷ്യമാക്കി പുതിയ വഴികൾ അന്വേഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടത്തപ്പെടുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇക്കാര്യത്തിൽ അബുദാബിക്കും മേലെ!, സമ്പത്തിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനത്ത് കുവൈറ്റ്, ആസ്തി മൂല്യം ജിഡിപിയുടെ 7.6 ഇരട്ടി
ഭാര്യയും മക്കളുമൊത്ത് ഉംറ നിർവഹിക്കുന്നതിനിടെ മലയാളി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു