Latest Videos

Covid precautionary measures : കൊവിഡ് നിയമലംഘനം; ഖത്തറില്‍ 472 പേര്‍ക്കെതിരെ കൂടി നടപടി

By Web TeamFirst Published Jan 4, 2022, 11:55 PM IST
Highlights

സാമൂഹിക അകലം പാലിക്കാത്തതിന് 104 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് അഞ്ചുപേരെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

ദോഹ: ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം(Ministry of Interior) നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 472 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 363 പേരും  മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.

സാമൂഹിക അകലം പാലിക്കാത്തതിന് 104 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് അഞ്ചുപേരെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. പള്ളികള്‍, സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

ഭൂരിഭാഗം പേരിലും ഒമിക്രോണ്‍ ഗുരുതരമല്ല; അടിയന്തര ഘട്ടങ്ങളില്‍ മാത്രം 999ല്‍ വിളിക്കണമെന്ന് ഖത്തര്‍ അധികൃതര്‍

ദോഹ: ഖത്തറില്‍ (Qatar) അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം അടിയന്തര ആരോഗ്യ സേവനമായ 999 ഉപയോഗപ്പെടുത്തണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (Hamad Medical Corporation). രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ (Omicron) വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്ന രോഗികള്‍ക്ക് വളരെ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ പ്രകടമാവുന്നുള്ളൂ. ഇവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ ആവശ്യമില്ല. ജനസംഖ്യയുടെ 85 ശതമാനത്തിലധികം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതിനാല്‍ ഖത്തറില്‍ ഈ കണ്ടെത്തലുകള്‍ ഏറെ പ്രസക്തമാണ്. അതുകൊണ്ടുതന്നെ ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ള കൊവിഡ് രോഗികള്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ അടിയന്തര സേവന വിഭാഗത്തെ ആശ്രയിക്കരുത്. ചെറിയ ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തി പോസിറ്റീവാകുന്ന ദിവസം മുതല്‍ 10 ദിവസം സ്വയം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും ഹമദ് ജനറല്‍ ഹോസ്‍പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍  പറഞ്ഞു. 

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ആംബുലന്‍സ് സേവനങ്ങള്‍ക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. അതുപോലെ തന്നെ അത്യാഹിത വിഭാഗങ്ങളിലും കൂടുതല്‍ പേര്‍ എത്തുന്നുണ്ട്. അടിയന്തര സാഹചര്യത്തിലുള്ള രോഗികളെ ചികിത്സിക്കാന്‍ ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും സജ്ജമാണ്. എന്നാല്‍ അടിയന്തരമല്ലാത്ത രോഗലക്ഷണങ്ങളുള്ളവര്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണം - അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

അതീവ ഗുരുതരമായ മെഡിക്കല്‍ സാഹചര്യങ്ങളില്‍ മാത്രം 999 എന്ന നമ്പറില്‍ വിളിച്ച് ആംബുലന്‍സ് സഹായം തേടണം. അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ സ്വന്തം വാഹനങ്ങള്‍ ഉപയോഗപ്പെടുത്തി മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലെത്താം. ജീവന്‍ അപകടത്തിലാവുന്ന അത്യാവശ്യ ഘട്ടങ്ങളില്‍ എപ്പോഴും സഹായ സന്നദ്ധമായി ആംബുലന്‍സ് സംഘങ്ങളുണ്ടാകുമെന്നും അത്തരം സാഹചര്യങ്ങളില്‍ 999ല്‍ വിളിക്കാന്‍ മടിക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. 

click me!