
റിയാദ്: ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇ-ഗേറ്റ്സ് സേവനത്തിന് തുടക്കം. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് പദ്ധതി ഉദ്‌ഘാടനം ചെയ്തു. മനുഷ്യ ഇടപെടലില്ലാതെ യാത്രാനടപടിക്രമങ്ങൾ യാന്ത്രികമായി പൂർത്തിയാക്കുന്ന 70 ഗേറ്റുകളുമായാണ് ഇ-ഗേറ്റ്സ് സംവിധാനം പ്രവർത്തനം ആരംഭിച്ചത്.
ഇത് ഒന്നാം ഘട്ടമാണ്. കൂടുതൽ ഗേറ്റുകൾ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തും. സൗദി വിമാനത്താവളങ്ങളിലെ യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ്, എയർപോർട്ട്സ് ഹോൾഡിങ് കമ്പനി, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി (സാദിയ) എന്നിവയുടെ സഹകരണത്തോടെയാണ് ഇ-ഗേറ്റ്സ് സേവനം ആരംഭിച്ചത്.
ഇ-ഗേറ്റുകൾ വഴി യാത്രക്കാർക്ക് അവരുടെ യാത്രാ നടപടിക്രമങ്ങൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ സാധിക്കും. ആധുനിക സാങ്കേതികവിദ്യകളും കൃത്രിമബുദ്ധിയും ഉപയോഗിച്ച് യാത്രാനടപടിക്രമങ്ങൾ സുഗമമാക്കലും ത്വരിതപ്പെടുത്തലുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് സമയവും പരിശ്രമവും ലാഭിക്കാൻ സഹായിക്കുന്നു. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പർ ഹാളിനും എക്സിക്യൂട്ടീവ് ഓഫീസ് സൗകര്യങ്ങൾക്കുമിടയിലാണ് 70 ഇ-ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഒരു ഗേറ്റിലൂടെ ഒരു ദിവസം 2,500 യാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയും. ഇങ്ങനെ പ്രതിദിനം 1,75,000 യാത്രക്കാർക്ക് ഇ-ഗേറ്റ്സ് സേവനം ഉപയോഗപ്പെടുത്താനാവും.
Read Also- ബുർജ് ഖലീഫയ്ക്ക് മുകളിൽ നിന്ന് താഴേക്കൊരു 'വൈറൽ' ചാട്ടം; അവിശ്വസനീയമായ വീഡിയോ പങ്കുവെച്ച് ശൈഖ് ഹംദാൻ
പാസ്‌പോർട്ടും മുഖചിത്രവും സ്കാൻ ചെയ്യുക വഴി യാത്രക്കാരെൻറ ഐഡൻറിറ്റി പരിശോധിക്കാനുള്ള കഴിവ് ഇ-ഗേറ്റുകൾക്കുണ്ട്. ഇത് നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനും വിമാനത്താവളങ്ങളിലെ പ്രവർത്തന പ്രക്രിയകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിയോം ബേ വിമാനത്താവളത്തിലും ഇ-ഗേറ്റ് സംവിധാനം വിജയകരമായി ആരംഭിച്ചതിന് ശേഷം മൂന്നാമതായാണ് ജിദ്ദ വിമാനത്താവളത്തിലും ആരംഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam