
റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ റോഡിലൂടെ അലഞ്ഞ സിംഹത്തിന് കാറിടിച്ച് പരിക്ക്. റിയാദ് നഗരത്തിലെ എയർപ്പോർട്ട് റോഡിലായിരുന്നു സംഭവം. വാഹനമിടിച്ച് പരിക്കേറ്റ സിംഹത്തെ ചികിത്സക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സിംഹം പരിക്കേറ്റ് കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ദേശീയ വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥരാണ് പൊലീസിന്റെയും മൃഗഡോക്ടർമാരുടെയും നിരീക്ഷണത്തിൽ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ശരീര ഭാഗങ്ങളിൽ പരിക്കുള്ളതായി പരിശോധനയിൽ കണ്ടെത്തി. അനസ്‍തേഷ്യ നൽകിയാണ് സിംഹത്തെ സംഭവസ്ഥലത്ത് നിന്ന് മാറ്റിയത്. സിംഹത്തെ വാഹനമിടിച്ച വിവരം ലഭിച്ചയുടനെ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വന്യസംരക്ഷണ കേന്ദ്രത്തിന് സിംഹത്തെ കൈമാറുകയും ചെയ്തതായി പരിസ്ഥിതി പ്രത്യേക സേനാ വക്താവ് മേജർ റാഇദ് അൽമാലികി പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള വന്യമൃഗങ്ങളെ സ്വന്തമാക്കുകയോ വളർത്തുകയോ ചെയ്യുന്നവർ അവയെ എത്രയും വേഗം വന്യജീവി സംരക്ഷണ വിഭാഗത്തിന് കൈമാറണമെന്ന് വന്യജീവി സംരക്ഷണ കേന്ദ്രം അധികൃതർ ആവശ്യപ്പെട്ടു. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ കടത്തുന്നതും വളർത്തുന്നതും അവയുടെ പ്രദർശനവുമെല്ലാം രാജ്യത്തെ നിയമ പ്രകാരം പാരിസ്ഥിതിക നിയമ ലംഘനമാണ്. 10 വർഷം തടവും മൂന്ന് കോടി റിയാലുമാണ് ഇത്തരം നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ