
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി മാർച്ച് ആദ്യവാരം ആരംഭിച്ച ക്രൗഡ് ഫണ്ടിങ് വഴി ഒഴുകി എത്തിയത് 47 കോടിയോളം രൂപയാണെന്ന് റിയാദ് റഹീം സഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ബാങ്കുകളിൽ അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റിയുടെ പേരിലും റഹീമിന്റെ മാതാവ് പാത്തു എന്നിവരുടെ പേരിലും ആരംഭിച്ച അക്കൗണ്ടുകളിലാണ് പ്രതീക്ഷിച്ചതിലേറെ തുക എത്തിയത്.
സമാഹരിച്ച തുകയിൽ നിന്ന് ദിയാധനം നൽകാനായുള്ള ഒന്നര കോടി റിയാലിന് സമാനമായ ഇന്ത്യൻ രൂപയും വക്കീൽ ഫീസായി നൽകാനുള്ള ഏഴര ലക്ഷം റിയാലിന് സമാനമായ ഇന്ത്യൻ രൂപയും ഇതിനോടകം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറി. പണം ലഭിച്ചതായി ഇന്ത്യൻ എംബസി സ്ഥിരീകരിക്കുകയും ചെയ്തു. കേസിനായി ഇതുവരെ ചിലവഴിച്ച തുകയും, പ്രതിഭാഗം വക്കീലിന് നൽകാനുള്ള ഫീസും ഉൾപ്പടെ ഇനിയും ചിലവുകളുണ്ട്. വരവ്, ചിലവ് ഉൾപ്പടെയുള്ള കൃത്യമായ കണക്ക് ഓഡിറ്റിങ് പൂർത്തിയാക്കിയതിന് ശേഷം പ്രസിദ്ധീകരിക്കുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു. മാർച്ച് തുടക്കത്തിൽ തന്നെ പണം സമാഹരിക്കൽ ആരംഭിച്ചെങ്കിലും ഏപ്രിൽ ആദ്യവാരത്തോടെയാണ് അക്കൗണ്ടിലേക്ക് പണം ഒഴുകി തുടങ്ങിയത്.
Read Also - അബ്ദുൽ റഹീമിൻെറ മോചനം; നടപടികൾ അന്തിമഘട്ടത്തിലേക്ക്, വിദേശകാര്യ മന്ത്രാലയത്തിന് ദയാ ധനം കൈമാറി
ഏപ്രിൽ 12 ആയപ്പോഴേക്കും അക്കൗണ്ടിൽ പണം ആവശ്യത്തിലേറെ എത്തി. സൗദി അറേബ്യ ഉൾപ്പടെയുള്ള പ്രവാസലോകത്തെ ചെറുതും വലുതുമായ സംഘടനകളും, വ്യകതികളും തുടക്കം കുറിച്ച പണസമാഹരണ കാമ്പയിൻ പിന്നീട് ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് കേരളത്തിലെ രാഷ്ട്രീയ, മത, സാമൂഹ്യ, സാംസ്‌കാരിക നേതാക്കളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരും ബിസിസിനസ്സ് പ്രമുഖരും വിഷയത്തിന്റെ ഗൗരവം പറഞ്ഞു പോസ്റ്റും വീഡിയോകളും പുറത്തിറക്കിയിരുന്നു. അതോടെയാണ് പണത്തിന്റെ ഒഴുക്കുണ്ടായത്. നിർണ്ണായക സമയത്ത് ഒരു ജീവന് വേണ്ടി സഹായമഭ്യർത്ഥിച്ചപ്പോൾ ഉദാരമായി സഹായിച്ച ഓരോരുത്തരോടുമുള്ള നന്ദി അറിയിക്കുന്നതായി സഹായ സമിതി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ