അബുദാബിയില്‍ ട്രക്കിനുള്ളില്‍ നിന്ന് പിടികൂടിയത് 450 കിലോ ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്ന്

By Web TeamFirst Published Nov 18, 2019, 7:22 PM IST
Highlights
  • അബുദാബിയില്‍ വന്‍ ലഹരിമരുന്ന് വേട്ട.
  • പിടികൂടിയത് ട്രക്കിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന്.

അബുദാബി: അബുദാബിയില്‍ ട്രക്കിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പൊലീസ് പിടികൂടി. 450 കിലോ ഹെറോയിനും മറ്റു ലഹരിമരുന്നുകളുമാണ് പിടികൂടിയത്. ഡെത്ത് നെറ്റ്‍വര്‍ക്ക് എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്നുകള്‍ പിടികൂടിയത്. സംഭവത്തില്‍ ഏഷ്യക്കാരായ 14 പേരെ അറസ്റ്റ് ചെയ്തു. യുഎഇയില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്നാണ് പൊലീസ് പറയുന്നത്. വലിയ കട്ടിങ് മെഷീന്‍ ഉപയോഗിച്ച് ട്രക്ക് മുറിച്ചെടുത്താണ് രഹസ്യമായി കടത്തിയ ലഹരിമരുന്നുകള്‍ പിടികൂടിയത്.

മേഖലയിലെ പ്രധാനപ്പെട്ട ലഹരിമരുന്ന് ഇടനിലക്കാരന്‍ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ പിന്തുടര്‍ന്നെത്തിയതോടെയാണ് പൊലീസ് ലഹരിമരുന്ന് സംഘത്തെ പിടികൂടാനായത്. ഒരാഴ്ചയോളം നിരീക്ഷിച്ച ശേഷമാണ് പൊലീസ് ഇയാളെയും കൂട്ടാളിയെയും അഞ്ചു കിലോ ലഹരിമരുന്നുമായി പിടികൂടിയത്. 

പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് യുഎഇയ്ക്ക് പുറത്തുള്ള ഒരു സംഘത്തിന് വേണ്ടിയാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസിന് മനസ്സിലായത്. ഇത്തരത്തില്‍ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ലഹരിമരുന്ന് എത്തിക്കുന്നതില്‍ ഈ സംഘത്തിന് വലിയ ശൃംഖല തന്നെയുണ്ടെന്ന് അബുദാബി പൊലീസ് ലഹരി വിരുദ്ധ വിഭാഗം ഡയറക്ടര്‍ കേണല്‍ തഹര്‍ ഗരീബ് അല്‍ ധഹ്‍രേരി അറിയിച്ചു. 

11 പേരെയാണ് പൊലീസ് ആദ്യം പിടികൂടിയത്. 189 കിലോഗ്രാം ലഹരിമരുന്ന് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രധാന ഇടപാടുകാരന്‍ 261 കിലോ ലഹരിമരുന്ന് സംഘത്തിന് കൈമാറുന്നതിന് മുമ്പായിരുന്നു അറസ്റ്റ്. ആദ്യ സംഘത്തെ പിടികൂടിയതോടെ പദ്ധതി മാറ്റി മറ്റുമാര്‍ഗങ്ങളിലൂടെ ലഹരി കടത്താന്‍ ഇടപാടുകാരന്‍ ശ്രമിച്ചെങ്കിലും  അന്വേഷണ സംഘം ബാക്കിയുള്ള പ്രതികളെയും ലഹരിമരുന്നും പിടികൂടുകയായിരുന്നെന്ന് കേണല്‍ തഹര്‍ ഗരീബ് അല്‍ ധഹ്‍രേരി കൂട്ടിച്ചേര്‍ത്തു.

click me!