1500 റിയാൽ ശമ്പളവും ട്രിപ്പ് അലവൻസും, വിസക്കായി ഏജന്‍റ് വാങ്ങിയത് 1,30,000 രൂപ; പക്ഷേ പിന്നീട് നടന്നത് വൻ ചതി

Published : Mar 06, 2025, 04:25 PM IST
1500 റിയാൽ ശമ്പളവും ട്രിപ്പ് അലവൻസും, വിസക്കായി ഏജന്‍റ് വാങ്ങിയത് 1,30,000 രൂപ; പക്ഷേ പിന്നീട് നടന്നത്  വൻ ചതി

Synopsis

മികച്ച ശമ്പളവും ആനുകൂല്യവും വാഗ്ദാനം ചെയ്താണ് ഏജന്‍റ് വിസ തുക വാങ്ങിയത്. എന്നാല്‍ പിന്നീടാണ് ചതി തിരിച്ചറിഞ്ഞത്. 

റിയാദ്: പറഞ്ഞ ശമ്പളവും ഭക്ഷണവും താമസസൗകര്യവുമില്ലാതെ ദുരിതത്തിലായി നാല് മലയാളി യുവാക്കൾ. വിസാ തട്ടിപ്പിനിരയായി റിയാദിൽ കുടുങ്ങിയ അവർ കേളി പ്രവർത്തകരുടെ തുണയിൽ നാടണഞ്ഞു. എറണാകുളം സ്വദേശി മുഹമ്മദ് ഷാഹുൽ എന്ന വിസ ഏജന്‍റിന്‍റെ ചതിയിൽപ്പെട്ട് റിയാദിലെത്തിയ യുവാക്കൾ ശരിക്കും ചതിയിൽപ്പെടുകയായിരുന്നു. സഹായം തേടി ഇവർ റിയാദിലെ കേളി കലാസാംസ്കാരിക വേദിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. എറണാകുളം അങ്കമാലി  സ്വദേശി രാഹുൽ, തൃശൂർ ചാലക്കുടി സ്വദേശി അഭിഷേക്, പത്തനംതിട്ട സ്വദേശി ചിക്കു, കോട്ടയം മുണ്ടക്കയം സ്വദേശി അഖിൽ എന്നിവരാണ് ഇരകൾ.

1500 റിയാൽ അടിസ്ഥാന ശമ്പളവും ട്രിപ്പ് അലവൻസും എന്നായിരുന്നു ഏജന്‍റിന്‍റെ വാഗ്ദാനം. 1,30,000 രൂപ വീതം ഏജൻറ് വിസക്കായി കൈപ്പറ്റി. മുംബൈയിലെ ഹെന്ന എൻറർപ്രൈസസ്, പീസ് ഇൻറർനാഷനൽ എന്നീ ഏജൻസികൾ വഴിയാണ് ഇവർ റിയാദിലെത്തിയത്. 1,200 റിയാൽ ശമ്പളവും താമസസൗകര്യവും ഭക്ഷണവും ട്രിപ്പ് അലവൻസുമാണ് ഏജൻസിയിൽനിന്ന് പറഞ്ഞത്. എന്നാൽ ലിഖിതമായ കരാെറാന്നും നൽകാതെയാണ് കയറ്റിവിട്ടത്. റിയാദ് എക്സിറ്റ് 18-ലുള്ള ഒരു ട്രാൻസ്പോർട്ട് കമ്പനിയിലേക്ക് ഹെവി ഡ്രൈവർമാരായാണ് ഇവർ എത്തിച്ചേർന്നത്. എന്നാൽ കമ്പനി അടിസ്ഥാനശമ്പളമായി നിശ്ചയിച്ചത് 400 റിയാൽ മാത്രമാണെന്ന് അവിടെ എത്തിയശേഷമാണ് മനസിലായത്. ഭക്ഷണമോ, വൃത്തിയുള്ള താമസ സൗകര്യമോ ഒന്നും തന്നെ ഉണ്ടായില്ലെന്നും യുവാക്കൾ പറയുന്നു. ആദ്യ ഒരുമാസം ജോലിക്ക് ഹജരായതിന് 400 റിയാൽ ശമ്പളം കിട്ടി. ഒരുമാസത്തിനിടയിൽ തന്നെ ഭക്ഷണത്തിനും വെള്ളത്തിനുമായി 400 റിയാലിൽ കൂടുതൽ ചെലവായെന്നും ഈ സ്ഥിതിയിൽ ജോലിയിൽ തുടരാൻ സാധിക്കില്ലെന്നും കമ്പനിയെയും നാട്ടിലെ ഏജൻറിനെയും അറിയിച്ചു. എന്നാൽ ഏജൻറ് മറുപടി നൽകാതെ ഒഴിഞ്ഞുമാറി.

ജോലിക്ക് ഹജരാകാത്തത്തിനാൽ കമ്പനി 14,000 റിയാൽ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുകയും താമസസ്ഥലത്തുനിന്നും പുറത്താക്കുകയും ചെയ്തു. തുടർന്ന് ഭക്ഷണത്തിനും മറ്റുമായി ഏറെ ബുദ്ധിമുട്ടിയെന്നും നാട്ടിലെ സുഹൃത്തുക്കൾ വഴി റിയാദിലെ ചിലർ ഭക്ഷണസഹായം നൽകുകയായിരുന്നെന്നും ഇവർ പറഞ്ഞു. നാട്ടിലെ ബന്ധുക്കളുടെ  നിർദേശപ്രകാരമാണ് കേളിയെ ബന്ധപ്പെട്ടത്. കേളി ജീവകാരുണ്യ വിഭാഗം വിഷയത്തിൽ ഇടപെടുകയും എംബസിയിലും ലേബർ കോടതിയിലും പരാതി നൽകുകയും ചെയ്തു.

എംബസി നിർദേശപ്രകാരം കമ്പനിയുമായി സംസാരിക്കുന്നതിന് കേളി ജീവകാരുണ്യ കമ്മറ്റി അംഗം പി.എൻ.എം. റഫീക്കിനെ ചുമതലപ്പെടുത്തി. ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളുർക്കര, നാസർ പൊന്നാനി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി എന്നിവർ കമ്പനിയധികൃതരുമായി സംസാരിക്കുകയും വിസക്കും ടിക്കറ്റിനുമായി കമ്പനിക്ക് ചെലവായ 9,000 റിയാൽ  നൽകിയാൽ കേസ് പിൻവലിക്കാമെന്ന് അവർ സമ്മതിക്കുകയും ചെയ്തു. നാട്ടിൽനിന്നും ഈ തുക വരുത്തി നൽകി.

Read Also -  ഉയർന്ന താപനിലയുടെ ആഘാതം നിരീക്ഷിക്കും; വേനൽക്കാലത്ത് പരീക്ഷണ പറക്കലിനൊരുങ്ങി പറക്കും ടാക്സി

കമ്പനി കേസ് പിൻവലിച്ചതിനെ തുടർന്ന് മൂന്നുപേർ നാട്ടിലേക്ക് മടങ്ങുകയും ഒരാൾ റിയാദിൽതന്നെ ജോലി മാറുകയും ചെയ്തു. നാട്ടിൽ സ്വകാര്യ ബസുകളിലും മറ്റും ജോലി ചെയ്തിരുന്ന ഈ യുവാക്കൾ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനായാണ് പ്രവാസം തെരഞ്ഞെടുത്തത്. ചിക്കു ഒഴികെ ബാക്കി മൂന്നുപേരും ആദ്യമായാണ് പ്രവാസം സ്വീകരിക്കുന്നത്. സഹായത്തിന് കേളിക്ക് നന്ദി പറയുകയും നാട്ടിലെത്തിയാൽ ഏജൻറ് ഷാഹുലിനെതിരെ നഷ്ട പരിഹാരത്തിന് പരാതി നൽകുമെന്നും ഇവർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ