
കുവൈത്ത് സിറ്റി: കുവൈത്തിലെ നഴ്‌സിംഗ്, മിഡ്‌വൈഫറി മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ മാസ അലവൻസുകളിലും ബോണസുകളിലും കാര്യമായ വർധനവ് വരുത്തി ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച മന്ത്രിതല ഉത്തരവ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറപ്പെടുവിച്ചു. തസ്തികകൾ, തൊഴിൽ പരിചയം, പ്രൊമോഷനുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തുക പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
തൊഴിൽ തസ്തികകളുടെ സാങ്കേതിക നിലവാരം ഉയർത്തുന്നതിനും സംയുക്ത ജോബ് ടൈറ്റിലുകൾ നടപ്പിലാക്കുന്നതിനും ഉത്തരവിൽ വ്യവസ്ഥയുണ്ട്. ജോലി സ്വഭാവ അലവൻസ്, ജോബ് ലെവൽ ബോണസ്, പ്രോത്സാഹന അലവൻസ്, ക്ഷാമബത്ത, ഷിഫ്റ്റ് അലവൻസ്, സൂപ്പർവിഷൻ അലവൻസ്, ട്രെയിനിംഗ് അലവൻസ്, ഓൺ-കോൾ അലവൻസ് എന്നിവ ഉൾപ്പെടുന്നതാണ് പ്രതിമാസ അലവൻസുകൾ.
ഹെഡ് നഴ്‌സിംഗ് സ്പെഷ്യലിസ്റ്റ് / ഹെഡ് മിഡ്‌വൈഫറി സ്പെഷ്യലിസ്റ്റ്: 1,510 കുവൈത്തി ദിനാർ
സീനിയർ നഴ്‌സിംഗ് സ്പെഷ്യലിസ്റ്റ് / സീനിയർ മിഡ്‌വൈഫറി സ്പെഷ്യലിസ്റ്റ്: 1,430 കുവൈത്തി ദിനാർ
നഴ്‌സിംഗ് സ്പെഷ്യലിസ്റ്റ് / മിഡ്‌വൈഫറി സ്പെഷ്യലിസ്റ്റ്: 1,350 കുവൈത്തി ദിനാർ
സീനിയർ നഴ്‌സ് / സീനിയർ മിഡ്‌വൈഫ്: 1,170 കുവൈത്തി ദിനാർ
നഴ്‌സ് / മിഡ്‌വൈഫ്: 1,110 കുവൈത്തി ദിനാർ
അസിസ്റ്റന്റ് നഴ്‌സ് / അസിസ്റ്റന്റ് മിഡ്‌വൈഫ്: 1,040 കുവൈത്തി ദിനാർ
സ്വദേശികളായ ജീവനക്കാർക്ക് പുറമെ, കുവൈത്തിൽ സേവനമനുഷ്ഠിക്കുന്ന സ്വദേശികളല്ലാത്ത നഴ്‌സിംഗ്, മിഡ്‌വൈഫറി ജീവനക്കാർക്കും തസ്തികകൾക്കനുസരിച്ചുള്ള അലവൻസ് വർദ്ധനവ് പുതിയ ഉത്തരവിലൂടെ ബാധകമാക്കിയിട്ടുണ്ട്.
കുവൈത്തികളല്ലാത്ത നഴ്സിംഗ് സർവീസ് ടെക്നീഷ്യൻമാർക്കുള്ള അലവൻസുകൾ
കുവൈത്തേതര സീനിയർ നഴ്സിംഗ് സർവീസ് ടെക്നീഷ്യൻമാർക്ക് കാറ്റഗറി (A)-യ്ക്ക് 130 ദിനാറും, കാറ്റഗറി (B)-യ്ക്ക് 90 ദിനാറും വർക്ക് നേച്ചർ അലവൻസായി ലഭിക്കും. കൂടാതെ 60 ദിനാർ ജോബ് ലെവൽ ബോണസ്, 50 ദിനാർ ജീവിതച്ചെലവ് അലവൻസ്, 100 ദിനാർ ഓൺ-കോൾ അലവൻസ് എന്നിവയും അനുവദിച്ചിട്ടുണ്ട്.
നഴ്സിംഗ് സർവീസ് ടെക്നീഷ്യൻമാർക്ക് കാറ്റഗറി (A)-യ്ക്ക് 110 ദിനാറും, കാറ്റഗറി (B)-യ്ക്ക് 80 ദിനാറും വർക്ക് നേച്ചർ അലവൻസായി ലഭിക്കും. ഇതിനുപുറമെ 50 ദിനാർ ജോബ് ലെവൽ ബോണസ്, 50 ദിനാർ ജീവിതച്ചെലവ് അലവൻസ്, 100 ദിനാർ ഓൺ-കോൾ അലവൻസ് എന്നിവയും ലഭിക്കും.
യൂണിവേഴ്സിറ്റി ബിരുദധാരികൾക്കുള്ള പ്രത്യേക ബോണസ്
നഴ്സിംഗ് അല്ലെങ്കിൽ മിഡ്‌വൈഫറിയിൽ പ്രത്യേക യൂണിവേഴ്സിറ്റി ബിരുദമുള്ള കുവൈത്തി ജീവനക്കാർക്ക് പ്രത്യേക ബോണസും അനുവദിച്ചു.
സീനിയർ സ്പെഷ്യലിസ്റ്റ് – 500 ദിനാർ
സീനിയർ സ്പെഷ്യലിസ്റ്റ് – 400 ദിനാർ
സ്പെഷ്യലിസ്റ്റ് – 300 ദിനാർ
സീനിയർ നഴ്‌സ് / സീനിയർ മിഡ്‌വൈഫ് – 200 ദിനാർ
നഴ്‌സ് / മിഡ്‌വൈഫ് – 100 ദിനാർ
കൂടാതെ അക്കാദമിക് യോഗ്യതകൾക്കുള്ള പ്രതിമാസ ബോണസും അനുവദിച്ചിട്ടുണ്ട്.
കുവൈത്തി നഴ്‌സുമാർക്ക്: ഡോക്ടറേറ്റിന് 150 ദിനാർ, മാസ്റ്റേഴ്സ് ബിരുദത്തിന് 75 ദിനാർ
കുവൈത്തേതര നഴ്‌സുമാർക്ക്: ഡോക്ടറേറ്റിന് 50 ദിനാർ, മാസ്റ്റേഴ്സ് ബിരുദത്തിന് 25 ദിനാർ
ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ ബന്ധപ്പെട്ട അക്കാദമിക് സർട്ടിഫിക്കറ്റുകൾ ഔദ്യോഗികമായി തുല്യത അംഗീകരിച്ചതും നഴ്സിംഗ് മേഖലയുമായി ബന്ധപ്പെട്ടതുമായിരിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam