
റിയാദ്: പക്ഷാഘാതത്തെ (Stroke) തുടർന്ന് 22 മാസത്തോളമായി സൗദി അറേബ്യയിൽ (Saudi Arabia) അബോധാവസ്ഥയിലായിരുന്ന മഹാരാഷ്ട്ര സ്വദേശിയെ നാട്ടിലെത്തിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരി സ്വദേശി അബ്ദുൽ ഹമീദ് കമാലുദ്ധീനാണ് (54) ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ (Indian Consulate Jeddah) സഹായത്തോടെ നാടണഞ്ഞത്.
നാല് മാസത്തോളം ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹത്തെ കൊവിഡ് രോഗികൾ വർധിച്ചതിനെ തുടർന്ന് അൽമോയ ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുന്നതിന് ത്വാഇഫ് കെ.എം.സി.സി പ്രസിഡന്‍റ് നാലകത്ത് മുഹമ്മദ് സാലിഹ് വിഷയം ജിദ്ദ കോൺസുലേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് അവർ ഇടപെടുകയായിരുന്നു. നാട്ടിലെത്തിക്കുന്നതിനുള്ള വിമാന ടിക്കറ്റിന്റെ പണം സംഘടിപ്പിച്ച് കോൺസുലേറ്റിന് കൈമാറിയെങ്കിലും രോഗിയെ അനുഗമിക്കാൻ നഴ്‌സിനെ കിട്ടാൻ വൈകിയത് യാത്ര വൈകാൻ ഇടയായി.
ഒടുവിൽ റിയാദിൽ നഴ്‌സായി ജോലിചെയ്യുന്ന കൊല്ലം സ്വദേശി ജോളിയാണ് കമാലുദ്ദീനെ അനുഗമിക്കാൻ തയ്യാറായി മുന്നോട്ടുവന്നത്. ഇവർ അദ്ദേഹത്തെ നാട്ടിലെത്തിച്ചതിനു ശേഷം റിയാദിൽ തിരിച്ചെത്തി. ഭീമമായ ആശുപത്രി ബിൽ തുക സൗദി ആരോഗ്യമന്ത്രാലയം ഒഴിവാക്കിക്കൊടുത്തിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന്റെ നിർദേശപ്രകാരം വൈസ് കോൺസുൽ അമരേന്ദ്രകുമാർ, കോൺസുൽ ഡോ. ഹലീം, ഉദ്യോഗസ്ഥനായ സുലൈമാൻ എന്നിവർ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ സഹായത്തിനുണ്ടായിരുന്നു.
ത്വാഇഫിൽ നിന്നുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിനും മറ്റ് നടപടിക്രമങ്ങൾക്കും സാമൂഹിക പ്രവർത്തകനായ നാലകത്ത് മുഹമ്മദ് സാലിഹ് നേതൃത്വം നൽകി. നാട്ടുകാരായ അഷ്‌റഫ്, ആലിം, മുക്താർ, ലിയാഖത്ത് എന്നിവരും സഹായത്തിനുണ്ടായിരുന്നു. ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് നാട്ടിലെത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam