ജിദ്ദ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു

By Web TeamFirst Published Apr 13, 2022, 12:02 PM IST
Highlights

രക്ഷിതാക്കളായുള്ള തൊഴിൽ രഹിതരായ കുടുംബിനികൾക്കും അപേക്ഷിക്കാമെന്ന പ്രത്യേകത ഇത്തവണത്തെ സർക്കുലറിനുണ്ട്. തൊഴിൽ രഹിതരായ കുടുംബിനികളെ അപേക്ഷകരായി പരിഗണിക്കുന്നത് ഇതാദ്യമാണ്.

റിയാദ്: സ്കൂൾ ഭരിക്കാൻ ആളില്ല, ഭരണസമിതിയിലേക്ക് കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് വീണ്ടും അപേക്ഷ ക്ഷണിച്ചു. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി അംഗമാകാനാണ് ഇങ്ങനെ ആളുകളെ തേടുന്നത്. രണ്ടു മാസത്തിനിടെ ഇത് നാലാം തവണയാണ് അപേക്ഷ ക്ഷണിച്ചുകൊണ്ട് സ്‌കൂൾ പ്രിൻസിപ്പൽ സർക്കുലർ ഇറക്കുന്നത്. 

രക്ഷിതാക്കളായുള്ള തൊഴിൽ രഹിതരായ കുടുംബിനികൾക്കും അപേക്ഷിക്കാമെന്ന പ്രത്യേകത ഇത്തവണത്തെ സർക്കുലറിനുണ്ട്. തൊഴിൽ രഹിതരായ കുടുംബിനികളെ അപേക്ഷകരായി പരിഗണിക്കുന്നത് ഇതാദ്യമാണ്. തൊഴിലുള്ള രക്ഷിതാക്കൾ അപേക്ഷ നൽകാൻ വിമുഖത കാണിക്കുന്നത് കണക്കിലെടുത്താണ് തൊഴിൽ രഹിതരായ വിദ്യാസമ്പന്നരായ വീട്ടമ്മമാരെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളാക്കുന്നത് പരിഗണിക്കാൻ അധികൃതരെ പ്രേരിപ്പിച്ചിട്ടുള്ളത്. 

മുൻ കാലങ്ങളിൽ മാനേജിംഗ് കമ്മിറ്റി അംഗമാകാൻ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചാൽ നിരവധി പേരാണ് അപേക്ഷകരായുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് നടന്നിരുന്ന വേളയിൽ അപേക്ഷകരുടെ എണ്ണം കുറക്കുന്നതിന് അപേക്ഷയിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് പലരുടേയും അപേക്ഷകൾ നിരസിക്കലായിരുന്നു പതിവ്. മതിയായ യോഗ്യതയുണ്ടായിരുന്നിട്ടും തങ്ങളെ മത്സരിക്കാൻ അനുവദിച്ചില്ലെന്ന പരാതികൾ പോലും രക്ഷിതാക്കളിൽ നിന്ന് അക്കാലത്ത് ഉയർന്നിരുന്നു.

click me!