
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) വെള്ളിയാഴ്‍ച വീണ്ടും മിസൈലാക്രമണമുണ്ടായി. ദക്ഷിണ സൗദിയിലെ ജിസാന്‍ (Jezan) ലക്ഷ്യമിട്ടാണ് യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ (Houthi rebels) മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍ മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന (Arab coalition) തകര്‍ക്കുകയായിരുന്നു.
യെമനിലെ സന അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ സംശയകരമായ ചില നീക്കങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അറബ് സഖ്യസേന അറിയിച്ചു. യെമനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ആക്രമണം നടത്താനായി മിസൈലുകളും മറ്റും വിക്ഷേപിക്കുന്ന കേന്ദ്രമായി ഈ വിമാനത്താവളം മാറിയിട്ടുണ്ടെന്നാണ് സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന ആരോപിക്കുന്നത്.
വ്യാഴാഴ്‍ച അറബ് സഖ്യസേന യെമനിലെ നിരവധി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകളുടെയും ലെബനാനില്‍ നിന്നുള്ള ഹിസ്‍ബുല്ല തീവ്രവാദികളുടെയും യെമനിലെ ഒളിത്താവളങ്ങള്‍ ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നുവെന്നും സഖ്യസേന അറിയിച്ചു.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പും സൗദി അറേബ്യ ലക്ഷ്യംവെച്ച് യെമനില്‍ നിന്ന് വ്യോമാക്രമണ ശ്രമമുണ്ടായിരുന്നു. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകളാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam