
റിയാദ്: ഗാസയിൽ സമ്പൂർണ വെടിനിർത്തലാണ് വേണ്ടതെന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിതല സമിതി ആവശ്യപ്പെട്ടു. യു.എൻ സുരക്ഷാ കൗൺസിൽ അംഗങ്ങളും അന്താരാഷ്ട്ര സമൂഹവും ഫലപ്രദവും അടിയന്തരവുമായ നടപടികൾ അതിനായി കൈക്കൊള്ളണമെന്നും ബ്രിട്ടീഷ് വിദേശകാര്യ യുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമിതിയംഗങ്ങൾ ആവശ്യപ്പെട്ടത്.
പലസ്തീൻ-ഇസ്രയേൽ പ്രശ്നത്തിന് പരിഹാരം തേടി വിവിധ രാജ്യങ്ങളുമായുള്ള കൂടിയാലോചനക്കായി തുടരുന്ന പര്യടനത്തിെൻറ ഭാഗമായാണ് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാെൻറ നേതൃത്വത്തിലുള്ള അറബ്, ഇസ്ലാമിക് മന്ത്രിതല സമിതി ബ്രിട്ടനിലെത്തിയത്. സംഘം ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂണുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.
താൽക്കാലിക വെടിനിർത്തലിനായി ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ യോഗം സ്വാഗതം ചെയ്തു. പലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര നിയമങ്ങൾക്കും മാനുഷിക മാനദണ്ഡങ്ങൾക്കും അനുസൃതമായി സന്തുലിതമായ പങ്ക് വഹിക്കാനും അടിയന്തര വെടിനിർത്തലിൽ എത്തിച്ചേരാനും പ്രസക്തമായ എല്ലാ അന്താരാഷ്ട്ര പ്രമേയങ്ങളും നടപ്പാക്കാനും മന്ത്രിതല സമിതി അംഗങ്ങൾ ബ്രിട്ടനോട് ആവശ്യപ്പെട്ടു.
Read Also - മകളെ ഡ്രോയിങ് ക്ലാസില്‍ വിടുമ്പോൾ അപ്രതീക്ഷിത ഭാഗ്യം, ജീവിതക്കും സുരേഷിനും ജീവിതം മാറ്റിമറിക്കുന്ന സമ്മാനം
എല്ലാ അറബ്, ഇസ്ലാമിക രാജ്യങ്ങളുടെയും മുൻഗണന വിഷയമാണ് ഇതെന്നും അവർ പറഞ്ഞു. സമാധാനപ്രക്രിയ പുനരുജ്ജീവിപ്പിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ച് യോഗം ചർച്ച ചെയ്തു. കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി 1967ലെ അതിർത്തിയിൽ സ്വതന്ത്ര ഫലസ്തീൻ എന്ന ദ്വിരാഷ്ട്ര പരിഹാരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പാക്കുന്നതിലൂടെ മാത്രമേ നീതിയും ശാശ്വതവും സമഗ്രവുമായ സമാധാനവും ഉണ്ടാവൂ എന്ന് അവർ വ്യക്തമാക്കി.
സമിതി അംഗങ്ങളായ ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ അൽസഫാദി, ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രി, ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽമാലികി, തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ, ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി റെത്നോ മർസൂദി, നൈജീരിയൻ വിദേശകാര്യ മന്ത്രി യൂസഫ് മൈതാമ തോഗർ, അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത് എന്നിവരും പശ്ചിമേഷ്യ, വടക്കനാഫ്രിക്ക, ദക്ഷിണേഷ്യ, യു.എൻ എന്നിവിടങ്ങളിൽ ബ്രിട്ടീഷ് വിദേശകാര്യ വികസന മന്ത്രാലയ പ്രതിനിധിയായി പ്രവർത്തിക്കുന്ന താരിഖ് അഹമ്മദും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സമിതിയുടെ പര്യടനം ചൈനയിലാണ് ആരംഭിച്ചത്. തുടർന്ന് വിവിധ രാജ്യങ്ങൾ കടന്നാണ് ബ്രിട്ടനിലെത്തിയത്.
(ഫോട്ടോ: അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിതല സമിതി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ