
റിയാദ്: ഈ വര്‍ഷത്തെ ഹജിന് വിദേശങ്ങളില്‍ നിന്ന് എട്ടര ലക്ഷം പേര്‍ക്കും സൗദി അറേബ്യക്കകത്തു നിന്ന് സ്വദേശികളും വിദേശികളും അടക്കം ഒന്നര ലക്ഷം പേര്‍ക്കും അനുമതി നല്‍കും. ഇത്തവണ ഹജ് അനുമതി നല്‍കുന്നവരില്‍ 15 ശതമാനം സൗദി അറേബ്യക്കകത്തു നിന്നും 85 ശതമാനം വിദേശങ്ങളില്‍ നിന്നുമാകും.
മുഴുവന്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഹജിന് അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശങ്ങളില്‍ നിന്നുള്ള എട്ടര ലക്ഷം പേര്‍ക്ക് ഹജ് അനുമതി നല്‍കുന്നത്. കൊറോണ മഹാമാരി കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും സൗദി അറേബ്യക്കകത്തു നിന്നുള്ളവര്‍ക്കു മാത്രമാണ് ഹജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ചത്. ഇത്തവണ സൗദി അറേബ്യക്കകത്തു നിന്നും വിദേശങ്ങളില്‍ നിന്നുമായി ആകെ പത്തു ലക്ഷം പേര്‍ക്ക് ഹജ് അനുമതി നല്‍കുമെന്ന് ഹജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 65 ല്‍ കുറവ് പ്രായമുള്ള, സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഹജ് അനുമതി ലഭിക്കുക. വിദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ സൗദിയിലേക്ക് യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനിടെ നടത്തുന്ന കോവിഡ് പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam