
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-സാൽമി മേഖലയിലുള്ള ആടുവളർത്തൽ കേന്ദ്രത്തിലെ തീപിടിത്തം ആസൂത്രിതമായ കൊലപാതകമാണെന്ന് ക്രിമിനൽ അന്വേഷണ സംഘം കണ്ടെത്തി. ഗൾഫ് പൗരനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി സ്ഥലത്ത് തീയിട്ട ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അൽ-ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന് ലഭിച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ഗൾഫ് പൗരന്റെ മൃതദേഹം കണ്ടെത്തിയത്.
എന്നാൽ, സാധാരണ തീപിടിത്തത്തിൽ സംഭവിക്കുന്ന മരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ചില നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന്‍റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ വാഹനത്തിനുള്ളിൽ രക്തക്കറ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. തീപിടിത്തത്തിന് മുമ്പ് തന്നെ കൊലപാതകം നടന്നിട്ടുണ്ടെന്ന് ഇതോടെ വ്യക്തമായി. തുടര്‍ന്ന് നടത്തിയ വിശദമായ തിരച്ചിലിൽ കൊല്ലപ്പെട്ടയാളുടെ വസ്ത്രങ്ങളും വ്യക്തിഗത വസ്തുക്കളും കണ്ടെടുത്തു. തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി ബോധ്യപ്പെട്ട അന്വേഷണ സംഘം ആടുവളർത്തൽ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരനായ ബംഗ്ലാദേശി പൗരനിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam