നിയന്ത്രണംവിട്ട കാര്‍ വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി തീപിടിച്ചു - വീഡിയോ

By Web TeamFirst Published Dec 24, 2022, 3:28 PM IST
Highlights

അല്‍ ദഗാരീര്‍ പെട്രോള്‍ പമ്പിന് മുന്നില്‍ പ്രധാന റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്.

റിയാദ്: സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ട കാര്‍ വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി തീപിടിച്ചു. വ്യാഴാഴ്ച രാത്രി ജിസാനിലായിരുന്നു അപകടം. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അല്‍ ദഗാരീര്‍ പെട്രോള്‍ പമ്പിന് മുന്നില്‍ പ്രധാന റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സ്ഥാപനത്തില്‍ തീ പടര്‍ന്നുപിടിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
 

pic.twitter.com/gjmYm29rlB

— Baher Esmail (@EsmailBaher)


Read also: കാറിടിച്ച് വീഴ്ത്തി പ്രവാസിയുടെ പണം കവർന്നവർക്കെതിരെ കൊലപാതക കുറ്റം

അതേസമയം സൗദി അറേബ്യയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വാഹനാപകട മരണങ്ങളിൽ കുറവുണ്ടായിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം അറിയിച്ചിരുന്നു. വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ നിരവധി കുടുംബങ്ങളാണ് കൊല്ലപ്പെട്ടത്. വാഹനപകടങ്ങൾ കുറക്കുന്നതിനായി ട്രാഫിക് സുരക്ഷാ സമിതികൾ പ്രവർത്തിച്ചു വരുന്നതായും ട്രാഫിക് വിഭാഗം അറിയിച്ചു.

വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി അപകടങ്ങൾ കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്‍തിരുന്നു. ഇതിൽ പലതും കുടുംബാംഗങ്ങൾ മുഴുവനായും കൊല്ലപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തിയിരുന്നുവെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹ്സിൻ അൽ-സഹ്‌റാനി പറഞ്ഞു. 

അതേ സമയം മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് വാഹനാപകടങ്ങൾ മൂലമുള്ള മരണങ്ങൾ കുറഞ്ഞിട്ടുണ്ട്. 2016-ൽ രാജ്യത്ത് ഒരു ലക്ഷത്തിൽ 27 വാഹനാപകട മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം ഇത് ഒരു ലക്ഷത്തിൽ 13 മരണങ്ങൾ എന്ന തോതിലേക്ക് കുറഞ്ഞു. രാജ്യത്തുടനീളം ട്രാഫിക് സുരക്ഷ സമിതികൾ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് അപകടങ്ങൾ കുറക്കാൻ സാധിച്ചത്. 

പ്രധാന പാതകളിലും മറ്റും ഗതാഗത നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത് അപകടങ്ങൾ കുറക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2030 ഓടെ ഒരു ലക്ഷത്തിൽ എട്ട് മരണങ്ങൾ എന്ന നിലയിൽ മൂന്നിൽ രണ്ട് ശതമാനമായി കുറയ്ക്കാനാണ് ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നതെന്നും ട്രാഫിക് ഡയറക്ടർ ജനറൽ പറഞ്ഞു.

click me!