
റിയാദ്: ലോകകപ്പിന്‍റെ ആതിഥേയത്വത്തിനായുള്ള ലേല ചരിത്രത്തിലെ തന്നെ 419/500 എന്ന ഏറ്റവും ഉയർന്ന സ്കോറോടെ യോഗ്യത നേടിയ സൗദി അറേബ്യയെ തെരഞ്ഞെടുത്തതായി ഫിഫ പ്രഖ്യാപിച്ചതോടെ ആഘോഷത്തിമിർപ്പിലായി രാജ്യവും ജനങ്ങളും. ബുധനാഴ്ച വൈകിട്ട് അഞ്ചിന് ഫിഫ അസാധാരണ ജനറൽ അസംബ്ലിയിൽ പ്രസിഡൻറ് ഗിയാനി ഇൻഫെൻറിനോ ഔദ്യോഗിക പ്രഖ്യാപനം നടത്തുമ്പോൾ ആ ദൃശ്യങ്ങൾ റിയാദ് ബോളിവാഡ് സിറ്റിയിലെ പടുകൂറ്റൻ സ്ക്രീനുകളിൽ മാത്രമല്ല രാജ്യത്തെ സ്വദേശികളും വിദേശികളുമായ മൂന്നര കോടിയിലേറെ വരുന്ന ജനമനസുകളിലും മിന്നിത്തെളിഞ്ഞു.
25 ടൂർണമെൻറുകൾ തികയ്ക്കുന്ന 2034ലെ അസാധാരണ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ചരിത്രദൗത്യമാണ് സൗദി അറേബ്യക്ക് കൈവന്നത്. ലേലത്തിലും യോഗ്യത സംബന്ധിച്ച വിലയിരുത്തലിലും റെക്കോർഡ് പോയിൻറുകളോടെ മുന്നിലെത്തിയ സൗദി അറേബ്യ ഇനി ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമാവും. അടുത്ത 10 വർഷം ആ ദൗത്യപൂർത്തീകരണത്തിനുള്ള നിരന്തര പ്രവർത്തനങ്ങളിൽ മുഴുകും ഗൾഫിലെ ഈ ഏറ്റവും വലിയ സമ്പന്ന രാജ്യം. സുപ്രധാന പ്രഖ്യാപനത്തിന് കാതും കണ്ണും കൂർപ്പിച്ച് തുടിക്കുന്ന ഹൃദയങ്ങളുമായി കാത്തിരുന്ന രാജ്യം പ്രഖ്യാപനമുണ്ടായ നിമിഷത്തിൽ തന്നെ ആഘോഷങ്ങളിൽ മുഴുകി. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ (ഡിസംബർ 11 മുതൽ 14 വരെ) രാജ്യവ്യാപകമായി നാല് ദിവസം നീളുന്ന ആഘോഷത്തിന് തുടക്കം കുറിച്ചു.
Read Also - ചുണ്ണാമ്പുകല്ലുകളുടെ പാളികളിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ; 5.6 കോടി വർഷത്തെ പഴക്കം, ഇത് ഇയോസീൻ കാലത്തെ ഫോസിലുകൾ
റിയാദിൽ രാത്രി 8.30ന് കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ ആകാശത്ത് ഡ്രോൺ ഷോ അരങ്ങേറി. 8.34 ന് കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ്, ബോളിവാഡ്, അൽ ഫൈസലിയ ടവർ, മജ്ദൂൽ ടവർ, അൽ രാജ്ഹി ടവർ, മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട് ടവർ, ബഗ്ലഫ് കിങ് ഫഹദ് സ്റ്റേഡിയം, മൂൺ ടവർ, മഹദ് അക്കാദമി എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗം മാനത്ത് വർണവിസ്മയം ഒരുക്കി. ശനിയാഴ്ച വരെ വൈകിട്ട് 5.15 മുതൽ രാത്രി 11 വരെ ബോളിവാഡ് സിറ്റി, ലൈസൻ വാലി, റോഷൻ ഫ്രന്റ, ബുജൈരി ടെറസ് എന്നിവിടങ്ങളിൽ പൊതുജനങ്ങൾ പങ്കെടുക്കുന്ന വലിയ ആഘോഷ പരിപാടികളും അരങ്ങേറുന്നുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതൽ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട്, ബഗ്ലഫ് കിങ് ഫഹദ് സ്റ്റേഡിയം, കിങ് ഫഹദ് റോഡ് എന്നിവിടങ്ങളിൽ എയർ ഷോയും അരങ്ങേറും.
ഫിഫയുടെ 25-ാമത്തെ ലോകകപ്പ് എന്ന നിലയിൽ അസാധാരണമായ ഇവൻറായിട്ടായിരിക്കും 2034 ലോകകപ്പ് നടക്കുക. ആറ് വൻകരകളിൽനിന്ന് 48 ടീമുകൾ പങ്കെടുക്കും. സൗദിയിൽ അഞ്ച് നഗരങ്ങളിൽ, 15 സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് ഉദ്ഘാടന, സമാപന പരിപാടികളും മത്സരങ്ങളും നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ